ന്യൂയോർക്ക്: വടക്കെ അമേരിക്ക സന്ദർശിക്കുന്ന പുനലൂർ ബിഷപ്പ് ഡോ.സെൽവിസ്റ്റെർ പൊന്നുമുത്തനു ലാറ്റിൻ കത്തോലിക്ക് കമ്യൂണിറ്റി ഊഷ്മളമായ സ്വീകരണം നൽകി. ന്യൂയോർക്ക് ക്വീന്‌സിലെ ഔർ ലേഡി ഓഫ് ദി സിനൗസ് പള്ളിയിൽ പ്രത്യേകം ഒരുക്കിയ ദിവ്യബലി സ്വീകരണയോഗത്തിന്റെ ആമുഖമായിരുന്നു. ബ്രൂക്ലിൻ രൂപതയുടെ ഇന്ത്യൻ കമ്മ്യൂണിറ്റി കോഓർഡിനേറ്റർ ഫാദർ റോബർട്ട് അമ്പലത്തിങ്കൽ, ഫാദർ ബെനെഡിക്ട്  പോൾ എന്നിവർ കർമ്മികളായിരുന്നു.
    കേരളാറീജിയൻ ലാറ്റിൻ കാത്തലിക്ക് ബിഷപ്‌സ് കൗൺസിലിന്റെ പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക സമുദായ കമ്മീഷന്റെ ചെയർമാനും ആയ ഡോക്ടർ പൊന്നുമുത്തപ്പൻ കേരളത്തിലെ സാമൂഹിക വ്യവസ്ഥ ഇന്ത്യയിലെ പൊതുവെയും കേരളത്തിലെ പ്രത്യേകിച്ചും ദളിത് ക്രൈസ്തവരുടെ വളർച്ചയ്ക്ക് പ്രതികൂലമായി നിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. പട്ടികജാതി - പട്ടികവർഗ്ഗ പിന്നോക്ക സമുദായങ്ങൾ ഇന്ന് കേരളത്തിന്റെ ഔദ്യോഗികമണ്ഡലങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിക്കുമ്പോൾ ക്രൈസ്തവമതം സ്വീകരിച്ചതിന്റെ പേരിൽ അവഗണനയ്ക്കും അടിച്ചമർത്തലിനും വിധേയരായി അരാജകത്വത്തിന്റേയും കഷ്ടപ്പാടിന്റെയും വേദനയിലാണ്. ഹിന്ദുക്കൾ അല്ലാത്തവർക്ക് സംവരണാനുകൂല്യങ്ങൾ ഇല്ലായെന്ന് 1950-ൽ അന്നത്തെ പ്രസിഡന്റ് രാജേന്ദ്രേപ്രസാദ് നടത്തിയ വിളംബരം ഭരണഘടനാപ്രകാരമുള്ള പൗരാവകാശങ്ങളെ ലംഘിക്കുന്നതാണ്. ഐഖ്യരാഷ്ട്രസംഘടനയുടെ പതിനെട്ടാം വകുപ്പിൽ പ്രഖ്യാപിച്ചിട്ടുള്ള മനുഷ്യാവകാശങ്ങളുടെ ലംഘനംകൂടിയാണ് ഇന്ത്യയുടെ നയമെന്ന് ബിഷപ്പ് എടുത്തു പറഞ്ഞു.
    സിഖ്മതത്തിലും ബുദ്ധമതത്തിലും ചേർന്നവർക്കു 1990-ൽ പ്രത്യേക സംവരണം ഏർപ്പെടുത്തിയപ്പോൾ മുസ്ലിംങ്ങളെയും ക്രൈസ്തവരെയും ഭാരതസർക്കാർ തഴയുകയായിരുന്നു. മൂന്നു കമ്മീഷനുകളും ദേശീയ നേതാക്കളും രാഷ്ട്രീയപാർട്ടികളും തുടർച്ചയായി ദളിത്‌ക്രൈസ്തവർക്ക് സംവരണത്തിനായി അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും കേന്ദ്രം ഭരിച്ച യു.പി.എ-ബിജെപി സർക്കാരുകൾ അവയെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയായിരുന്നു. കഴിഞ്ഞ ആറ് ദശകങ്ങളായി ഇന്ത്യയിലെ എട്ടു ശതമാനം വരുന്ന ദളിത് ക്രൈസ്തവർ തങ്ങളുടെ ദുരവസ്ഥയിൽ നിന്നുള്ള മോചനത്തിനായി കേഴുന്നു. അവരുടെ അവകാശങ്ങൾക്കും അനുകൂലങ്ങൾക്കും വേണ്ടിയുള്ള കഠിനയത്‌നത്തിന് സഹതാപത്തോടെയുള്ള പിന്തുണ സമൂഹത്തിൽ നിന്നും സർക്കാരിൽ നിന്നും കിട്ടേണ്ടത് അടിയന്തിരമായ ആവശ്യമാണ്. 

2004 -ൽ ആണ് കൊല്ലം രൂപത വിഭജിച്ച് പോപ്പ് ജോൺപോൾ രണ്ടാമൻ പുനലൂർ രൂപത സ്ഥിപിച്ചത്. രൂപതയിലെ കത്തോലിക്കരിൽ 65 ശതമാനം വിശ്വാസികൾ ദളിതുകളാണ്. സാമ്പത്തികമായും, വിദ്യാഭ്യാസപരമായും, തൊഴിൽപരമായും അവർ പൊതുസമൂഹാവസ്ഥയിൽ വളരെ പിന്നിലാണ്. അവരുചടെ ശോചനീയമായ അവസ്ഥയിൽ മാറ്റംവരുത്തുന്നതിനുള്ള പോരാട്ടത്തിൽ എല്ലാവരുടേയും പിന്തുണയും പ്രാർത്ഥനയും ബിഷപ്പ് ഡോ.പൊന്നുമുത്തപ്പൻ ആഹ്വാനം ചെയ്തു.  ന്യൂയോർക്ക് സന്ദർശിക്കുന്നതിനു മുൻപ് ബിഷപ്പ് ഷിക്കാഗോ ഹൂസ്റ്റൺ നഗരങ്ങളും സന്ദർശിച്ചിരുന്നു. പോപ്പ് ഫ്രാൻസിസ് വിളിച്ചുകൂട്ടുന്ന ബിഷപ്പുമാരുടെ സിനഡിൽ പങ്കെടുക്കാൻ അദ്ദേഹം ന്യൂയോർക്കിൽനിന്ന് റോമിലേക്ക് പോയി.
പോൾ ഡി പനയ്ക്കൽ അറിയിച്ചതാണ്