ന്യൂഡൽഹി: മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്ര പിതാവല്ലെന്ന വിവാദ പരാമർശവുമായി സവർക്കറിന്റെ പേരമകൻ രഞ്ജിത് സവർക്കർ. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്ര പിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്നും അദ്ദേഹം വാർത്താ ഏജൻസി എഎൻഐയോട് പറഞ്ഞു.

രാജ്യത്തിന് അമ്പത് വർഷമല്ല, അഞ്ഞൂറ് വർഷമാണ് പഴക്കം. മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ല. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

ജയിൽമോചിതനാകാൻ ബ്രിട്ടീഷുകാരോട് സവർക്കർ മാപ്പ് അപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നിർദേശ പ്രകാരമായിരുന്നുവെന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ കഴിഞ്ഞ ദിവസത്തെ പരാമർശമാണ് വാദപ്രതിവാദങ്ങൾക്ക് തുടക്കമിട്ടത്.

ഉദയ് മഹുർക്കർ രചിച്ച 'വീർ സവർക്കർ: ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടിഷൻ' എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടാണ് രാജ്നാഥ് സിങ് കഴിഞ്ഞദിവസം വിവാദ പരാമർശം നടത്തിയത്. 'സവർക്കറെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കപ്പെട്ടു. ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ബ്രിട്ടീഷ് സർക്കാരിന് മുമ്പാകെ മാപ്പപേക്ഷ സമർപ്പിച്ചുവെന്ന് പറയപ്പെടുന്നു. മഹാത്മാ ഗാന്ധിയാണ് മാപ്പപേക്ഷ നൽകണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്,' പരിപാടിയിൽ രാജ്നാഥ് സിങ് പറഞ്ഞു.

രാജ്യത്തെ മോചിപ്പിക്കാൻ പ്രചാരണം നടത്തുന്നതുപോലെ സവർക്കറെ മോചിപ്പിക്കാനും തങ്ങൾ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞിരുന്നു. രാജ്‌നാഥിന്റെ പ്രസ്താവനയ്‌ക്കെതിരേ വൻ തോതിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സവർക്കറുടെ പേരമകൻ രഞ്ജിത് സവർക്കർ വിവാദ പരാമർശവുമായി രംഗത്തെത്തിയത്.

സവർക്കറെ കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നടത്തിയ പരാമർശത്തിനെതിരേ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്തെത്തിയിരുന്നു. വളച്ചൊടിച്ചാണ് ചരിത്രസംഭവങ്ങളെ ബിജെപി അവതരിപ്പിക്കുന്നത്. ഇങ്ങനെ തുടരുകയാണെങ്കിൽ സവർക്കറെ ബിജെപി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് ഒവൈസി പ്രതികരിച്ചതിന് പിന്നാലെയാണ് രഞ്ജിത് സവർക്കറുടെ പ്രതികരണം.

സവർക്കർ മാപ്പ് അപേക്ഷ നൽകിയത് 1911ലും 1913ലുമാണ്. എന്നാൽ മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായത് 1915 ലാണ്. രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന ശരിയാണെങ്കിൽ മഹാത്മാ ഗാന്ധി സവർക്കർ മാപ്പപേക്ഷ നൽകുന്നതിന് മുമ്പ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരിക്കണം. ആർഎസ്എസ് ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടില്ല, അവർ ബ്രിട്ടീഷുകാരുമായി പ്രവർത്തിച്ചിട്ടുണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.

1920 ജനുവരി 25ന് മഹാത്മാ ഗാന്ധി എഴുതിയ കത്തിനെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് വളച്ചൊടിക്കുകയായിരുന്നു എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഗാന്ധി എഴുതിയ കത്തിന്റെ പകർപ്പ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.

രാജ്നാഥ് സിങിന്റെ പരാമശത്തോട് വ്യത്യസ്തമായ രീതിയിലാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്. ഹിന്ദു മഹാസഭാ നേതാവ് വീര സവർക്കർ ബ്രിട്ടിഷുകാരോട് മാപ്പു ചോദിച്ചിട്ടില്ലെന്ന് സഞ്ജയ് റാവത്തിന്റെ പ്രതികരണം. സ്വാതന്ത്ര്യ സമരകാലത്ത് ദീർഘകാലം ജയിലിൽ കിടന്നവർ പുറത്തുവരാൻ പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ജയിലിൽ തന്നെ തുടരുകയല്ല, എങ്ങനെയെങ്കിലും പുറത്തുവരികയാണ് ആ തന്ത്രങ്ങളുടെയൊക്കെ അടിസ്ഥാനം. രാഷ്ട്രീയത്തടവുകാർ ഇത്തരം തന്ത്രങ്ങൾ സ്വീകരിക്കുന്നതു പതിവാണെന്ന് ശിവസേനാ നേതാവ് അവകാശപ്പെട്ടു.