മെൽബൺ - കേരളത്തിൽ സർക്കാർ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന ജനപങ്കാളിത്ത വികസനത്തിന് പ്രവാസികളുടെ പങ്കു അനിവാര്യമാണെന്ന് സിപി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മെൽബണിൽ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ഗ്രാന്മയുടെ കുടുംബ സംഗമത്തിൽ ടെലിഫോണിലൂടെ സംഘടനാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ ജനാധിപത്യം, മതനിരപേക്ഷത, സ്വതന്ത്ര പരമാധികാരം എന്നിവയെ വെല്ലുവിളിക്കുകയാണ് . സ്വന്തം വിശ്വാസങ്ങൾ വച്ച് പുലർത്താൻ സാധിക്കാത്ത രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സമരം ചെയ്ത നേഴ്‌സുമാരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിച്ചു കൊടുത്ത കേരള സർക്കാരിനെയും അതിനു മുൻകൈ എടുത്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെയും യോഗത്തിൽ അനുമോദിച്ചു.കേരളത്തിൽ ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിച്ചു അഴിമതി ആരോപണങ്ങളിൽ നിന്നും ജന ശ്രദ്ധ തിരിച്ചു വിടാനുള്ള ബിജെപി - ആർ എസ് എസ് സംഘനകളുടെ ജന വിരുദ്ധ നിലപാടിനെ യോഗം ശക്തിയായി അപലപിച്ചു.

യോഗത്തിൽ ഗ്രാന്മ പ്രസിഡണ്ട് പ്രമോദ് ലാൽ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറിവി .എസ് അമേഷ്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് അംഗങ്ങൾ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി.