തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും വലിയ പണംവാരിചിത്രമായി മാറുമോ മമ്മൂക്കയുടെ ബിഗ് ഫാദർ. ആദ്യദിനത്തിലെ കളക്ഷൻ അത്തരമൊരു സൂചന നല്കുന്നു. റിലീസ് ദിനത്തിലെ കളക്ഷനിൽ മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകനെയും കടത്തിവെട്ടിയിരിക്കുകയാണ് ഗ്രേറ്റ് ഫാദർ എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

ഗ്രേറ്റ് ഫാദറിന്റെ നിർമ്മാതാക്കളായ ഓഗസ്റ്റ് സിനിമയുടെ ഉടമ പൃഥ്വിരാജാണ് ചിത്രം ആദ്യദിനത്തിലെ കളക്ഷനിൽ റിക്കാർഡ് ഇട്ടതായി അവകാശപ്പെട്ടിരിക്കുന്നത്. 4,31,46,345 രൂപ ആദ്യദിനം പെട്ടിയിൽ വീണെന്നാണ് പൃഥ്വിരാജ് ഫേസ്‌ബുക്കിലൂടെ അവകാശപ്പെട്ടിരിക്കുന്നത്.

റിലീസ് ദിനത്തിലെ കളക്ഷനിൽ മോഹൻലാലിന്റെ പുലിമുരുകനായിരുന്നു ഇതുവരെ റിക്കാർഡ്. ആദ്യദിനം 4.06 കോടി രൂപ ചിത്രം തീയേറ്ററുകളിൽനിന്ന് വാരി. ഇതിനെയും മറികടക്കുന്ന പ്രകടനമാണ് ഗ്രേറ്റ് ഫാദർ ആദ്യദിനം നടത്തിയിരിക്കുന്നത്. പുലിമുരുകനെ പോലെ ഗ്രേറ്റ് ഫാദറും നൂറു കോടി ക്ലബിൽ ഇടംപിടിക്കുമെന്നാണ് മമ്മൂക്കയുടെ ആരാധകർ പ്രതീക്ഷിക്കുന്നത്.

വെള്ളിയാഴ്ചയാണ് ഗ്രേറ്റ് ഫാദർ റിലീസ് ചെയ്തത്. 202 തിയേറ്ററുകളിലായി 958 ഷോകൾ ആദ്യദിനം നടന്നു.