പൃഥ്വിരാജ് നിർമ്മിച്ച്, നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മമ്മൂട്ടിചിത്രം 'ദി ഗ്രേറ്റ് ഫാദറി'ന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. ലക്സസിന്റെ ഒരു ലക്ഷുറി കാറിന് മുന്നിൽ ക്യാമറയ്ക്ക് പുറം തിരിഞ്ഞ് നിൽക്കുകയാണ് പോസ്റ്ററിൽ ഡേവിഡ് എന്ന മമ്മൂട്ടി കഥാപാത്രം. കയ്യിൽ തോക്കേന്തിയിട്ടുണ്ട്. പൃഥ്വിരാജാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്.

അനുരാഗ കരിക്കിൻവെള്ളത്തിന് ശേഷം ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ
പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദർ. ഫാമിലി ത്രില്ലർ സ്വഭാവത്തിലുള്ളതാണ് ചിത്രം. സ്നേഹ നായികയാവുന്ന ചിത്രത്തിൽ ആര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഉറുമി,ഡബിൾ ബാരൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ഇത്.സപ്തമശ്രീ തസ്‌കരാ,ഡബിൾ ബാരൽ, ഡാർവിന്റെ പരിണാമം തുടങ്ങി ഓഗസ്റ്റ് സിനിമാസ് നിർമ്മിച്ച മിക്ക ചിത്രങ്ങൾക്കുമൊപ്പം സഹകരിച്ചയാളാണ് ഹനീഫ് അദേനി. പരസ്യചിത്രങ്ങളിലെ പരിചയസമ്പത്തുമായാണ് ഹനീഫ് അദേനി മമ്മൂട്ടിയെ നായകനാക്കി സ്റ്റൈലിഷ് എന്റർടെയിനർ ഒരുക്കുന്നത്.