ഡ്താ പഞ്ചാബ് എന്ന സിനിമയുടെ സെൻസർ കോപ്പി ടൊറന്റിൽ എത്തിയതിന് പിന്നാലെ ബോളിവുഡിൽ വീണ്ടും സെൻസർ കോപ്പി ലീക്ക് ആയി. ഗ്രേറ്റ് ഗ്രാൻഡ് മസ്തി എന്ന അഡൽറ്റ് കോമഡി ചിത്രത്തിന്റെ സെൻസർ കോപ്പി ആണ് പുറത്തുവന്നിരിക്കുന്നത്. സിനിമ റിലീസ് ചെയ്യാൻ രണ്ടാഴ്ച ബാക്കി നിൽക്കെയാണ് സെൻസർ ബോർഡിന് സമർപ്പിച്ച പ്രിന്റ് പുറത്തുവന്നിരിക്കുന്നത്.

സെൻസർ ബോർഡ് അധികൃതരിൽ നിന്നാണോ അണിയറ പ്രവർത്തകരിൽ നിന്നോ സ്റ്റുഡിയോയിൽ നിന്നോ ആണോ പ്രിന്റ് പുറത്തുപോയതെന്ന് ഉറപ്പിക്കാനായിട്ടില്ല.വിവേക് ഒബ്റോയി, റിതേഷ് ദേശ്മുഖ്, അഫ്താബ് ശിവ്ദാസ്നി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഗ്രേറ്റ് ഗ്രാന്റ് മസ്തി.

ടോറന്റ് ഉൾപ്പെടെ വിവിധ സൈറ്റുകളിൽ ചിത്രം ഡൗൺലോഡ് ചെയ്യപ്പെടുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഉഡ്താ പഞ്ചാബ് സെൻസർ കോപ്പി പ്രചരിച്ചതുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുക യാണ്.

ഗ്രേറ്റ് ഗ്രാന്റ് മസ്തിയുടെ സെൻസർ കോപ്പി ലീക്ക് ആയതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. അഡൽറ്റ് കോമഡി സ്വഭാവമുള്ള ഗ്രേറ്റ് ഗ്രാൻഡ് മസ്തി ബോക്സ് ഓഫീസിൽ വൻ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ചിത്രമാണ്. ജൂലൈ 22നാണ് ചിത്രം
തിയറ്ററുകളിലെത്തുന്നത്.സിനിമയുടെ സെൻസർ കോപ്പി പ്രചരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ സിനിമാപ്രേമികൾ രംഗത്തെത്തിയിട്ടുണ്ട്. പ്രധാന താരങ്ങളെയും നിർമ്മാതാക്കളെയും മെൻഷൻ ചെയ്ത് ട്വീറ്റുകളും പ്രചരിക്കുന്നുണ്ട്.