തെക്കുപടിഞ്ഞാറൻ തുർക്കിയിലെ ബോഡ്രമിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ തുർക്കിയുടെയും ഗ്രീസിന്റെയും തീരങ്ങൾ നടുങ്ങി. ഗ്രീക്ക് ദ്വീപായ കോസിൽ അവധിയാഘോഷിക്കാനെത്തിയ രണ്ടുപേർ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടു. സുനാമിത്തിരകൾ കടലോരങ്ങളും സുരക്ഷിതമല്ലാതാക്കി. ഇതോടെ, ഗ്രീസിലും തുർക്കിയിലും അവധിയാഘോഷിക്കാനെത്തിയ ആയിരങ്ങൾ അവധി റദ്ദാക്കി മടങ്ങുകയാണ്.

റിക്ടർ സ്‌കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ബോഡ്രമാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം. വീണ്ടും ഭൂകമ്പമുണ്ടായേക്കുമെന്ന ആശങ്കയിൽ, വിനോദ സഞ്ചാരികൾ റിസോർട്ടുകളിൽ തങ്ങാതെ പുറത്തേയ്ക്കിറങ്ങി. പലരോടും ടൂർ ഓപ്പറേറ്റർമാർതന്നെ ഹോട്ടൽമുറിയിൽ ഉറങ്ങേണ്ടെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു.

അവധി റദ്ദാക്കി സഞ്ചാരികൾ കൂട്ടത്തോടെ മടങ്ങിയതോടെ, കോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കടുത്ത തിരക്കനുഭവപ്പെട്ടു. ലഗേജുകൾ ടെർമിനലിൽ സൂക്ഷിച്ച് വിമാനത്താവളത്തിൽ ഉറങ്ങുന്നവരെയും കാണാമായിരുന്നു. വലിയ ഭൂകമ്പത്തിനുശേഷം 29 തുടർചലനങ്ങളുണ്ടായതായി വിദഗ്ദ്ധർ പറഞ്ഞു. ഇതോടെയാണ് സഞ്ചാരികൾ ഭയചകിതരായതും മടങ്ങാൻ തീരുമാനിച്ചതും.

കോസ് ദ്വീപിലെ ഒരു ബാറിന്റെ മേൽക്കൂര ഇടിഞ്ഞുവീണാണ് രണ്ടുപേർ മരിച്ചത്. മരിച്ചവരിലൊരാൾ സ്വീഡൻകാരനും മറ്റൊരാൾ തുർക്കിക്കാരനുമാണ്. ഭൂകമ്പത്തിലാകെ 500-ലേറെ പേർക്ക് പരിക്കേറ്റതായാണ് ആദ്യ റിപ്പോർട്ടുകൾ. കൂടുതൽപേർക്ക് ആളപായമുണ്ടായതായി റിപിപോർട്ടില്ലെങ്കിലും അന്തിമ കണക്കുകൾ ശേഖരിച്ചുവരുന്നതേയുള്ളൂ.

ഭൂകമ്പത്തെത്തുടർന്ന് മെഡിറ്ററേനിയൻ കടലിലും ഈജിയൻ കടലിലും സുനാമികൾ പ്രത്യക്ഷപ്പെട്ടു. പലേടത്തും കടലോര റിസോർട്ടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. കോസ് ദ്വീപിലും റോഡ്‌സ് ദ്വീപിലുമാണ് ഭൂകമ്പവും സുനാമിയും കനത്ത നാശം വിതച്ചത്. തുടർചലനങ്ങളും സുനാമിയും കരുതിയിരിക്കണമെന്ന് തുർക്കി വിദേശമന്ത്രാലയം സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭൂകമ്പത്തെത്തുടർന്ന് കോസ് ദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വീക്കെൻഡോടെ ആയിരക്കണക്കിന് സഞ്ചാരികൾ ഇവിടേക്ക് എത്താനിരിക്കെയാണ് ഈ സംഭവവികാസങ്ങൾ. വിനോദസഞ്ചാരമേഖലയെ വൻതോതിൽ ആശ്രയിക്കുന്ന ഗ്രീസിന് ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും കരുതുന്നു.