ഏഥൻസ്: അഭയാർഥികളുടെ പ്രവാഹം കൈകാര്യം ചെയ്യാനാവാതെ നട്ടം തിരിഞ്ഞ് ഗ്രീസ്. യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ഡീലുമായി സഹകരിക്കുന്നതിന്റെ ഭാഗമായി അഭയാർഥിത്വം തള്ളിയ നൂറുകണക്കിന് ആൾക്കാരെ തിരിച്ച് അയയ്ക്കുന്ന നടപടികളുമായി ഗ്രീസ് മുന്നോട്ടു പോകുകയാണിപ്പോൾ. കഴിഞ്ഞ മാസം നടപ്പിൽ വരുത്തിയ യൂറോപ്യൻ യൂണിയൻ പായ്‌ക്കേജ് പ്രകാരം ഈ ദിവസങ്ങളിൽ 750 ഓളം അഭയാർഥികളെയാണ് ഗ്രീസ് ടർക്കിയിലേക്ക് തിരിച്ചയ്ക്കുന്നത്. അഭയാർഥികളെ നാടുകടത്തുന്നതിന്റെ ആദ്യപടിയായാണ് 750 പേരെ ടർക്കിയിലേക്ക് കടത്തുന്നത്.

യൂറോപ്പിലേക്ക് അഭയാർഥിത്വം തേടിയെത്തുന്ന അഭയാർഥികളെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് യൂറോപ്യൻ യൂണിയൻ പുതിയ പായ്‌ക്കേജിന് അംഗീകാരം നൽകിയത്. ഓസ്ട്രിയ അടക്കമുള്ള രാജ്യങ്ങൾ ഈ പായ്‌ക്കേജിന് അംഗീകാരം നൽകിയെങ്കിലും യുഎൻ ഇതിനെ എതിർക്കുകയായിരുന്നു. പത്തുലക്ഷത്തിലധികം പേർ കഴിഞ്ഞ വർഷം തന്നെ യൂറോപ്പിൽ എത്തുകയും ചെയ്തു. 2016-ൽ ഈഗൻ കടൽ വഴി 150,000ത്തിലധികം പേരാണ് ഗ്രീസിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. ടർക്കി വഴി ഗ്രീസിലെത്തുന്ന അഭയാർഥികൾ പിന്നീട് മറ്റ് സമ്പന്ന യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുകയാണ് പതിവ്.

എന്നാൽ ബാൾക്കൻ രാജ്യങ്ങളും മറ്റും അതിർത്തി അടച്ചതോടെ ഈ അഭയാർഥികൾ ഗ്രീസിൽ തന്നെ കുടുങ്ങിയിരിക്കുകയാണ്. ഗ്രീസിൽ കുടുങ്ങിയ അഭയാർഥി പ്രശ്‌നത്തിൽ നട്ടം തിരികയവേയാണ് ഇവരെ ടർക്കിയിലേക്ക് തിരിച്ചയച്ച് പ്രശ്‌നത്തിന് പരിഹാരം തേടാൻ ശ്രമിക്കുന്നത്.