ഏഥൻസ്: പൊതുജനാഭിപ്രായം കണക്കിലെടുക്കാതെ പരിഷ്‌ക്കരണത്തിന് സമ്മതം കൊടുത്ത് ഗ്രീക്ക് പാർലമെന്റ്. അടുത്ത കാലത്ത് ഗ്രീസിലേക്ക് ലോകശ്രദ്ധയാകർഷിച്ച വൻ കടക്കെണിയുടേയും മറ്റും അലയൊലി തീരും മുമ്പാണ് പൊതുജനങ്ങളുടെ കടുത്ത എതിർപ്പിനെ മറികടന്ന് വിവാദ പെൻഷൻ, ടാക്‌സ് പരിഷ്‌ക്കരണത്തിന് പാർലമെന്റ് ഒരുങ്ങുന്നത്. 

പൊതുജനങ്ങൾ കടുത്ത എതിർപ്പാണ് നിലവിൽ പാർലമെന്റ് പാസാക്കിയ പെൻഷൻ, ടാക്‌സ് പരിഷ്‌ക്കരണത്തിന് ജനങ്ങളിൽ നിന്നുണ്ടായിരിക്കുന്നത്. ഇതിനെതിരേ ആയിരക്കണക്കിനാൾക്കാർ പൊതുനിരത്തിൽ പ്രകടനങ്ങളും മറ്റും നടത്തിയിരുന്നെങ്കിലും ഇതൊന്നു വകവയ്ക്കാതെയാണ് പാർലമെന്റിൽ ഇതു പാസാക്കിയിരിക്കുന്നത്.

ചില പെൻഷൻ ഫണ്ടുകൾ ഒന്നിപ്പിക്കുക, ഇടത്തരം വരുമാനമുള്ളവർക്കും ഉയർന്ന വരുമാനമുള്ളവർക്കും ഏറെ നികുതി ഭാരം വർധിപ്പിക്കുക തുടങ്ങിയവാണ് വിവാദ പരിഷ്‌ക്കാരത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. യൂറോപ്യൻ യൂണിയന്റെയും ഇന്റർനാഷണൽ മണിട്ടറി ഫണ്ടിന്റെയും നിർബന്ധപ്രകാരമാണ് ഈ പരിഷ്‌ക്കാരങ്ങൾ വരുത്താൻ പാർലമെന്റ് ഒരുങ്ങിയത്. 95 ബില്യൺ ഡോളറിന്റെ കടക്കെണിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ യൂറോപ്യൻ യൂണിയനും മറ്റും നിർദേശിച്ച പരിഷ്‌ക്കാരങ്ങളാണിവ.