കോഴിക്കോട് : 'ഹരിത കേരള പുനർനിർമ്മിതിക്കായ് കോഴിക്കോടിൻ കരഘോഷം' എന്ന ശീർഷകത്തിൽ ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ഗ്രീൻ കാർണിവൽ സംസ്ഥാന തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ ഗ്രീൻ കെയർമിഷൻ, സൈൻ പ്രിന്റിങ് അസോസിയേഷൻ, കൈതപ്പൊയിൽ ലിസ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി വൈവിധ്യം കൊണ്ട് വേറിട്ട അനുഭവമായി.

കാരുണ്യക്കൈനീട്ടം, കൈത്താങ്ങ് കോലായ്, ബീച്ച് ബിനാലെ, ഇശലും ഗസലും, ഇക്കോ ഫെസ്റ്റ്, ലൗഷോർ ബാന്റ്, കളിയരങ്ങ്, മൺപാത്ര നിർമ്മാണം, ആദരസന്ധ്യ, സുലൈമാനി തക്കാരം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാൽ ഗ്രീൻകാർണിവൽ ശ്രദ്ധേയമായി. കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു.

സീറോ ഫ്ളക്സ് വേയ്സ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രനും ഗ്രീൻ പ്രോട്ടോക്കോൾ കാംപയിൻ ഉദ്ഘാടനം എം.കെ രാഘവൻ എംപിയും, ഹയാ ഇന്റർനാഷനൽ ലിറ്ററസി മൂവ്മെന്റ് ലോഗോ പ്രകാശനം കലക്ടർ യു.വി ജോസ് ഐ.എ.എസും നിർവഹിച്ചു.

മുപ്പത് കലാകാരന്മാർ ചേർന്നൊരുക്കിയ ബീച്ച് ബിനാലെ പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂരും, ഇക്കോഫെസ്റ്റ് കോർപറേഷൻ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.വി ബാബുരാജും സുലൈമാനി തക്കാരം പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വനി പ്രതാപും നിർവഹിച്ചു.

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട വയോജനങ്ങളുടെ നൊമ്പരങ്ങൾ പുറംലോകത്തെയറിയിച്ച് പരിഹാരം സാധ്യമാക്കിയ മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളി, മലവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ട വളർത്തുനായയുടെ കരളലിയിക്കും കാഴ്ച പുറംലോകത്തെത്തിച്ച് നിരവധി കുടുംബങ്ങളുടെ പുനരധിവാസം സാധ്യമാക്കിയ ഫ്രീലാന്റ്സ് ജേർണലിസ്റ്റ് സാലിം ജീറോഡ്, മലവെള്ളപ്പാച്ചിലിന്റെ രൗദ്രഭാവങ്ങൾ മിഴിവോടെ പകർത്തിയ സ്മാർട്ട് രാജീവൻ, ഗാന്ധിജിയുടെ വ്യത്യസ്ത ഭാവങ്ങൾ വരച്ച ദേവസ്യ ദേവഗിരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. മന്ത്രി ടി.പി രാമകൃഷ്ണൻ പുരസ്‌കാരങ്ങൾവിതരണം ചെയ്തു. സംഗീതവവും ചിത്രരചനയും സമന്വയിപ്പിച്ച ട്യൂണോഗ്രഫി ഇല്യാസും റാഫേലും ചേർന്ന് നിർവഹിച്ചു. കൈതപ്പൊയിൽ ലിസാ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ അരങ്ങേറി.

സി. മോയിൻ കുട്ടി, പ്രൊഫസർ വർഗീസ് മാത്യു, ഡോ. ഷാരോൺ, യു.എ മുനീർ, ഗുലാം ഹുസൈൻ കൊളക്കാടൻ, ഇ.വി സുനിൽ കുമാർ, ബന്ന ചേന്ദമംഗല്ലൂർ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ.ടി.എ നാസർ, പ്രോഗ്രാം കോഡിനേറ്റർ മജീദ് പുളിക്കൽ, നൗഷാദ് വെള്ളലശ്ശേരി, യൂനുസ് താത്തൂർ, കബീർ ദാസ്, ഡോ. പ്രജീഷ് എന്നിവർ നേതൃത്വം നൽകി.