ദുബായ്: മലയാളികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന ദേയ്‌റയിലെ അഞ്ചുനില കെട്ടിടത്തിൽ വൻ അഗ്നിബാധ. മുറഖബാദ് പൊലീസ് സ്‌റ്റേഷനുസമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു തീപിടുത്തം. അപകടത്തിൽ വൻനാശനഷ്ടം സംഭവിച്ചെങ്കിലും ആളപായമില്ലെന്നാണ് വിവരം. എങ്കിലും അപകടത്തെ തുടർന്ന് മെട്രോ സർവ്വീസും വാഹനഗതാഗതവും നിർത്തിവച്ചു. തൊട്ടടുത്ത പെട്രോൾ സ്റ്റേഷനിലേക്ക് തീ പടരാതിരുന്നതും വൻദുരന്തം ഒഴിവാക്കി. അപകടകാരണം വ്യക്തമായിട്ടില്ല.

ഫ്‌ളാറ്റുകളിലെ ഗ്യാസ് സിലിണ്ടറുകളും എസി യൂണിറ്റുകളും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊലീസും സിവിൽ ഡിഫൻസും മണിക്കൂറുകളോളം നടത്തിയ തീവ്രയജ്ഞത്തിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടസമയത്ത് വീശിയടിച്ച കാറ്റ് രക്ഷാ പ്രവർത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചു. കെട്ടിടത്തിലെ താമസക്കാരെയും താഴെ നിലയിലുള്ള കച്ചവടക്കാരെയും പരമാവധി ഒഴിപ്പിച്ചിച്ചു. എന്നാൽ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടന്നവരെ മണിക്കൂറുകളോളം പരിശ്രമിച്ച ശേഷമാണ് താഴെയിറക്കാൻ കഴിഞ്ഞത്. അപകടസ്ഥലത്തിന് ചുറ്റുമുള്ള കെട്ടിടങ്ങളിലെ താമസക്കാരെയും കച്ചവടക്കാരെയും രക്ഷാപ്രവർത്തകർ ഒഴിപ്പിച്ചിരുന്നു.

അപകടത്തെത്തുടർന്ന് വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനാൽ ശക്തമായ സുരക്ഷയാണ് രക്ഷാപ്രവർത്തകർ ഏർപ്പെടുത്തിയത്. നിരവധി അഗ്‌നിശമന യൂനിറ്റുകൾ എത്തിയാണ് തീയണച്ചത്. രാത്രി വൈകിയും രക്ഷാപ്രവർത്തനം നടന്നു. എങ്കിലും രാത്രി എട്ടരയോടെ മെട്രോ ഓടിത്തുടങ്ങി.