- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്താരാഷ്ട്ര ക്രിക്കറ്റ് 'ഭൂപടത്തിലേക്ക്' വീണ്ടും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം; വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ട്വന്റി 20 മത്സരത്തിന് വേദിയാകും; മത്സരം ഫെബ്രുവരി 20ന്; ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളുടെ ഫിക്സച്ചർ ഇങ്ങനെ
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകാനൊരുങ്ങുന്നു. ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളുടെ ഫിക്സ്ചർ ബി.സി.സിഐ പുറത്തുവിട്ടു. കാര്യവട്ടവും വേദികളുടെ പട്ടികയിൽ ഇടം പിടിച്ചു.
ന്യൂസിലാൻഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകളാണ് ഇന്ത്യയിൽ പര്യടനത്തിനെത്തുന്നത്. മൊത്തം 13 ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുക.
ന്യൂസിലൻഡിനെതിരെ നടക്കുന്ന ട്വന്റി 20 പരമ്പരയോടെയാണ് ഇന്ത്യയുടെ ഹോം സീസണ് തുടക്കമാവുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നവംബർ 17ന് ജയ്പൂരിലാണ് ആദ്യ മത്സരം. 19ന് റാഞ്ചിയിൽ രണ്ടാം ട്വന്റി 20യും 21 കൊൽക്കത്തയിൽ മൂന്നാം ട്വന്റി 20 മത്സരവും നടക്കും. പിന്നാലെ രണ്ട് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരയും കളിക്കും. 25ന് കാൺപൂരിലും ഡിസംബർ മൂന്നിന് മുംബൈയിലുമാണ് ടെസ്റ്റ്.
വെസ്റ്റ് ഇൻഡീസിനെതിരെ മൂന്ന് വീതം ട്വന്റി 20-ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇതിൽ 2022 ഫെബ്രുവരി 20 നടക്കുന്ന അവസാന ട്വന്റി 20 മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകും. ആദ്യ ട്വന്റി 20 ഫെബ്രുവരി 15ന് കട്ടക്കിലും രണ്ടാം ട്വന്റി 20 18ന് വിശാഖപട്ടണത്തും നടക്കും. അതിന് മൂന്ന് ഏകദിനങ്ങൾ അടങ്ങുന്ന പരമ്പരും കളിക്കും. അഹമ്മദാബാദ് (ഫെബ്രുവരി 6), ജയ്പൂർ (ഫെബ്രുവരി 9), കൊൽക്കത്ത (ഫെബ്രുവരി 12) എന്നീ നഗരങ്ങൾ വേദിയാവും.
ഫെബ്രുവരിയിൽ ശ്രീലങ്കയും ഇന്ത്യൻ പര്യടനത്തിനെത്തും. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവുമാണ് ശ്രീലങ്ക കളിക്കുക. ഫെബ്രുവരി 25ന് ബംഗളൂരുവിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് മാർച്ച് അഞ്ച് മുതൽ മൊഹാലിയിൽ നടക്കും. ഈ 13ന് ആദ്യ ട്വന്റി 20യ്ക്കും മൊഹാലി വേദിയാകും. രണ്ടാം ട്വന്റി 20 ധർമശാലയിലും (മാർച്ച് 15), മൂന്നാം ട്വന്റി 20 ലഖ്നൗ (മാർച്ച് 18)വിലും നടക്കും.
ജൂൺ ഒമ്പതിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പര ആരംഭിക്കും. ചെന്നൈയിലാണ് ആദ്യ മത്സരം. ബംഗളൂരു (ജൂൺ 12), നാഗ്പൂർ (ജൂൺ 14), രാജ്കോട്ട് (ജൂൺ 15), ഡൽഹി (ജൂൺ 19) എന്നിവിടങ്ങളിലാണ് മറ്റു ട്വന്റി 20 മത്സരങ്ങൾ നടക്കുക.
ഒരു ഏകദിനവും രണ്ട് ട്വന്റികളും അടക്കം ഇതുവരെ മൂന്ന് മത്സരങ്ങളാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ഒരു ഏകദിനത്തിലും ട്വന്റിയിലും വിൻഡീസ് തന്നെയായിരുന്നു ഇന്ത്യയുടെ എതിരാളികൾ.
2019 ഡിസംബർ എട്ടിന് നടന്ന ട്വന്റി 20യിൽ ഇന്ത്യയെ വിൻഡീസ് പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 170 റൺസ് വിൻഡീസ് 18.3 ഓവറിൽ മറികടക്കുകയായിരുന്നു. 2018 ൽ നടന്ന ഏകദിനത്തിൽ വിൻഡീസിനെ ഇന്ത്യ ഒൻപത് വിക്കറ്റിനും 2017ൽ നടന്ന ട്വന്റി 20യിൽ ന്യൂസിലാൻഡിനെ ഇന്ത്യ ആറു റൺസിനും പരാജയപ്പെടുത്തിയിരുന്നു.
അടുത്തിടെ കാര്യവട്ടം സ്റ്റേഡിയത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. കരസേന നിയമന റാലി, പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ എന്നിവക്കെല്ലാം വേദിയായതിലൂടെ സ്റ്റേഡിയത്തിന് സംഭവിച്ചത് 60 ലക്ഷം രൂപയുടെ നാശമെന്ന് കണക്കുകൂട്ടലുണ്ടായിരുന്നു. സ്റ്റേഡിയം വീണ്ടും പരിപാലിക്കാനെത്തിയ കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) പ്രാഥമിക പരിശോധനയിലാണ് ഇത്രയും രൂപയുടെ നഷ്ടം സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നത്.