തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരത്ത് വച്ചു നടക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു. ഗ്രീൻഫീൽഡ് സ്റ്റേഡിയം അതിനായി ഒരുക്കമെന്നും അദ്ദേഹം പറഞ്ഞു. വേദി സംബന്ധിച്ച അനിശ്ചിതത്വം ഇതോടെ നീങ്ങി. നേരത്തെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ കേരളത്തിന് ലഭിക്കുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.

അതേ സമയം വർഷത്തെ സന്തോഷ് ട്രോഫി ഫൈനൽ മഞ്ചേരിയിൽ നടക്കും. കായിക മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൂർണമെന്റിന്റെ മത്സരക്രമത്തെ കുറിച്ച് വൈകാതെ തീരുമാനമെടുക്കും. മഞ്ചേരി, പയ്യനാട് സ്റ്റേഡിയത്തിലായിരിക്കും മത്സരം. കേരള യുനൈറ്റഡ് എഫ്സിയുടെ ഹോം ഗ്രൗണ്ടാണിത്.

അടുത്തിടെ കാര്യവട്ടം സ്‌റ്റേഡിയത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. കരസേന നിയമന റാലി, പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ എന്നിവക്കെല്ലാം വേദിയായതിലൂടെ സ്‌റ്റേഡിയത്തിന് സംഭവിച്ചത് 60 ലക്ഷം രൂപയുടെ നാശമെന്ന് കണക്കുകൂട്ടലുണ്ടായിരുന്നു.

സ്‌റ്റേഡിയം വീണ്ടും പരിപാലിക്കാനെത്തിയ കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) പ്രാഥമിക പരിശോധനയിലാണ് ഇത്രയും രൂപയുടെ നഷ്ടം സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നത്.

വെസ്റ്റ് ഇൻഡീസിനെതിരെ മൂന്ന് വീതം ട്വന്റി 20-ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇതിൽ 2022 ഫെബ്രുവരി 20 നടക്കുന്ന അവസാന ട്വന്റി 20മത്സരത്തിനാവും കാര്യവട്ടം സ്റ്റേഡിയം വേദിയാവുക.

ആദ്യ ടി20 ഫെബ്രുവരി 15ന് കട്ടക്കിലും രണ്ടാം ട്വന്റി 20 18ന് വിശാഖപട്ടണത്തും നടക്കും. അതിന് മുന്ന് മൂന്ന് ഏകദിനങ്ങൾ അടങ്ങുന്ന പരമ്പരും കളിക്കും. അഹമ്മദാബാദ് (ഫെബ്രുവരി 6), ജയ്പൂർ (ഫെബ്രുവരി 9), കൊൽക്കത്ത (ഫെബ്രുവരി 12) എന്നീ നഗരങ്ങൾ വേദിയാവും.

ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളുടെ ഫിക്‌സ്ചർ ബി.സി.സിഐ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിലാണ് കാര്യവട്ടവും ഇടം പിടിച്ചത്. ന്യൂസിലാൻഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകളാണ് ഇന്ത്യയിൽ പര്യടനത്തിനെത്തുന്നത്.

ഒരു ഏകദിനവും രണ്ട് ട്വന്റികളും അടക്കം ഇതുവരെ മൂന്ന് മത്സരങ്ങളാണ് കാര്യവട്ടം സ്‌റ്റേഡിയത്തിൽ അരങ്ങേറിയത്. ഒരു ഏകദിനത്തിലും ട്വന്റിയിലും വിൻഡീസ് തന്നെയായിരുന്നു ഇന്ത്യയുടെ എതിരാളികൾ.

2019 ഡിസംബർ എട്ടിന് നടന്ന ട്വന്റി 20യിൽ ഇന്ത്യയെ വിൻഡീസ് പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 170 റൺസ് വിൻഡീസ് 18.3 ഓവറിൽ മറികടക്കുകയായിരുന്നു. 2018 ൽ നടന്ന ഏകദിനത്തിൽ വിൻഡീസിനെ ഇന്ത്യ ഒൻപത് വിക്കറ്റിനും 2017ൽ നടന്ന ട്വന്റി 20യിൽ ന്യൂസിലാൻഡിനെ ഇന്ത്യ ആറു റൺസിനും പരാജയപ്പെടുത്തിയിരുന്നു.