- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തന്റെ കളിമെച്ചപ്പെടുത്താൻ കഠിനാധ്വാനം ചെയ്യാൻ ഗാംഗുലി തയാറായില്ല; ഇഷ്ടപ്പെട്ടത് ടീമിന്റെ ക്യാപ്റ്റനായി തുടരാൻ; ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച ടീമാക്കാൻ ശ്രമിച്ചത് ദ്രാവിഡ്; പുതിയ ആരോപണവുമായി മുൻ ഇന്ത്യൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കെതിരെ പുതിയ ആരോപണവുമായി മുൻ ഇന്ത്യൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ. കളിക്കാരനെന്നതിനേക്കാൾ ടീമിന്റെ ക്യാപ്റ്റനായി തുടരാനാണ് ഗാംഗുലി എന്നും ഇഷ്ടപ്പെട്ടിരുന്നതെന്ന് ചാപ്പൽ തുറന്നടിച്ചു. ക്രിക്കറ്റ് ലൈഫ് സ്റ്റോറീസ് എന്ന പോഡ്കാസ്റ്റിലാണ് ചാപ്പൽ ഇക്കാര്യങ്ങൾ പറഞ്ഞത്.
തന്റെ കളി മെച്ചപ്പെടുത്തുന്നതിന് കഠിനാധ്വാനം ചെയ്യാൻ ഗാംഗുലി ഒരിക്കലും തയാറായിരുന്നില്ലെന്നും ചാപ്പൽ വെളിപ്പെടുത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ, പരിശീലകൻ എന്നീ നിലകളിൽ ഗാംഗുലിയും ചാപ്പലും തമ്മിലുള്ള അസ്വാരസ്യം കുപ്രസിദ്ധമാണ്.
ഇന്ത്യൻ പരിശീലകനായി ചാപ്പലിനെ എത്തിക്കാൻ മുൻകയ്യെടുത്തത് ഗാംഗുലിയായിരുന്നെങ്കിലും പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. തുടർന്ന് ഗാംഗുലിക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായതും രാഹുൽ ദ്രാവിഡ് പകരക്കാരനായി വന്നതും ചരിത്രമാണ്.
'ഇന്ത്യയെ പരിശീലിപ്പിക്കാൻ വരണം എന്ന് ആവശ്യപ്പെട്ട് എന്നെ സമീപിച്ചവരിൽ പ്രധാനി ഗാംഗുലിയാണ്. എനിക്ക് മറ്റു ചില സ്ഥലങ്ങളിൽനിന്നും ഓഫറുകളുണ്ടായിരുന്നു. പക്ഷേ, ജോൺ ബുക്കാനൻ ഓസീസ് പരിശീലകനായി ഉണ്ടായിരുന്നതിനാൽ ഇന്ത്യൻ ടീമിന്റെ പരിശീലക ജോലി ഏറ്റെടുക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് മുൻകൈ എടുത്തത് ഗാംഗുലിയാണ്' ചാപ്പൽ പറഞ്ഞു.
'ഞാൻ ഇന്ത്യൻ പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്ന രണ്ടു വർഷം എല്ലാ അർഥത്തിലും കടുത്ത വെല്ലുവിളിയായിരുന്നു. പ്രതീക്ഷകൾ വളരെയായിരുന്നു. പക്ഷേ, പ്രശ്നങ്ങളും കുറവായിരുന്നില്ല. സൗരവ് ഗാംഗുലി ക്യാപ്റ്റൻ സ്ഥാനത്ത് തുടരുന്നതുമായി ചുറ്റിപ്പറ്റിയായിരുന്നു പ്രശ്നങ്ങളിലേറെയും' ചാപ്പൽ പറഞ്ഞു.
'സ്വന്തം നിലയ്ക്ക് കഠിനാധ്വാനം ചെയ്യാൻ തയാറുള്ള താരമായിരുന്നില്ല ഗാംഗുലി. സ്വന്തം കളി മെച്ചപ്പെടുത്തണമെന്ന ആഗ്രഹമൊന്നും ഗാംഗുലിക്ക് ഉണ്ടായിരുന്നില്ല. ക്യാപ്റ്റനെന്ന നിലയിൽ ടീമിൽ തുടരാനായിരുന്നു ഗാംഗുലിക്ക് ഇഷ്ടം. അങ്ങനെ എല്ലാം സ്വന്തം നിയന്ത്രണത്തിൽ നിർത്താമെന്ന് അദ്ദേഹം കരുതി' ചാപ്പൽ പറഞ്ഞു.
ഗാംഗുലിയുമായി മാത്രമല്ല, ടീമിലെ മുതിർന്ന താരങ്ങളിൽ ആരുമായും ചാപ്പൽ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവർക്ക് ചാപ്പലിന്റെ പ്രവർത്തന രീതികളോട് എതിർപ്പുണ്ടായിരുന്നു. താരങ്ങളുമായുള്ള ബന്ധം വഷളായതോടെ 2007ലെ ലോകകപ്പ് തോൽവിക്കു പിന്നാലെ പരിശീലക കരാർ പുതുക്കുന്നില്ലെന്ന് ചാപ്പൽ തീരുമാനിക്കുകയായിരുന്നു.
'ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച ടീമാക്കാൻ ഏറ്റവും കഠിനാധ്വാനം ചെയ്ത വ്യക്തിയാണ് ദ്രാവിഡ്. നിർഭാഗ്യവശാൽ ടീമിലെ എല്ലാവർക്കും അത്തരമൊരു മനോഭാവമുണ്ടായിരുന്നില്ല. ടീമിൽ നിലനിന്നുപോകുന്നതിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. എന്നോട് ടീമിലെ ചിലർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കാരണം, അവരിൽ മിക്കവരും കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നവരായിരുന്നു. ഗാംഗുലിയെ ടീമിൽനിന്ന് ഒഴിവാക്കിയ ഘട്ടത്തിൽ കളിക്കാരെല്ലാം കൂടുതൽ ശ്രദ്ധാലുക്കളായി. കാരണം, ഗാംഗുലിയെ ടീമിന് പുറത്തിരുത്താമെങ്കിൽ ആരെയും പുറത്തിരുത്തുമെന്ന് അവർക്ക് മനസ്സിലായി' ചാപ്പൽ പറഞ്ഞു.
'ആദ്യത്തെ 12 മാസം മികച്ചതായിരുന്നു. പിന്നീട് എതിർപ്പ് ശക്തമായി. ഇതിനിടെ ഗാംഗുലി ടീമിലേക്ക് തിരിച്ചെത്തി. മാറ്റം അവർക്ക് താൽപര്യമില്ലെന്ന സന്ദേശം സുവ്യക്തമായിരുന്നു. ബോർഡ് എനിക്ക് കരാർ പുതുക്കി നൽകാമെന്ന് പറഞ്ഞെങ്കിലും ഇനിയും സമ്മർദ്ദം താങ്ങാനാകില്ലെന്ന് ഞാൻ തീരുമാനിച്ചു' ചാപ്പൽ പറഞ്ഞു.
സ്പോർട്സ് ഡെസ്ക്