ജീവിതം തിരിച്ചുകിട്ടിയതിനെക്കാൾ മഹാഭാഗ്യം വേറെയൊന്നുമില്ല. എങ്കിലും, ഗ്രെൻഫെൽ ടവറിലുണ്ടായ അഗ്നിബാധയെ അതിജീവിച്ചവരെ കാത്തിരിക്കുന്നത് മറ്റൊരു മഹാഭാഗ്യമാണെന്ന് പറയാതെവയ്യ. ലണ്ടൻ നഗരഹൃദയത്തിൽ കോടികൾ വിലമതിക്കുന്ന പുതിയ വാസഗൃഹങ്ങളാണ് അവർക്കായി ഒരുങ്ങുന്നത്.

200 കോടി പൗണ്ട് വിലമതിക്കുന്ന കെൻസിങ്ടണിലെ കെട്ടിയ സമുച്ചയത്തിലേക്കാണ് ഗ്രെൻഫെൽ ടവർ തീപിടിത്തത്തോടെ ഭവനരഹിതരായവരെ പുനരധിവസിപ്പിക്കുന്നത്. 68 ഫ്ളാറ്റുകളാണ് ഇവിടെ അധികൃതർ വാങ്ങിയത്. ഫ്ളാറ്റുകൾ 10 മില്യൺ ചെലവിട്ടാണ് അധികൃതർക്ക് വാങ്ങിയത്. ഒന്നുമുതൽ മൂന്ന് വരെ കിടപ്പുമുറികളുള്ള ഫ്ളാറ്റുകളാണ് ഇവിടെ വാങ്ങിയിട്ടുള്ളത്.

തീപ്പിടിത്തത്തിൽ 79 പേരാണ് മരിച്ചത്. ഭവനരഹിതരായത് 250 ഓളം പേരാണെന്നാണ് കണക്കാക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടിയാണ് കെൻസിങ്ടൺ റോ ഡവലപ്‌മെന്റിൽ 68 ഫ്ളാറ്റുകൾ വാങ്ങിയിരിക്കുന്നത്. 15 ലക്ഷം മുതൽ 85 ലക്ഷം പൗണ്ടുവരെ വിലയുള്ള ഫ്ളാറ്റുകളാണ് ലണ്ടൻ കോർപറേഷൻ ഒരു കോടി പൗണ്ടിന്റെ കരാറിൽ വാങ്ങിയത്. 16 കോടി പൗണ്ടോളം വില ഫ്ളാറ്റുകൾക്ക് ലഭിക്കുമെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഫ്ളാറ്റുടമകളായ സെന്റ് എഡ്വേർഡ് കോർപറേഷന് ഫ്ളാറ്റുകൾ വിൽക്കുകയായിരുന്നു.

തീപ്പിടിത്തത്തിനുശേഷം ഗ്രെൻഫെൽ ടവറിൽ താമസിച്ചിരുന്നവരിലേറെയും ഹോട്ടലുകളിലാണ് തങ്ങുന്നത്. ചിലർ പാർക്കുകളിലും സ്വന്തം കാറുകളിലും ഉറങ്ങുന്നതായും ആരോപണമുണ്ട്. എന്നാൽ, ഇവരെല്ലാവരെയും ജൂലൈ അവസാനത്തോടെ കെൻസിങ്ടൺ ഹൈ സ്ട്രീറ്റിലെ പാർപ്പിട സമുച്ചയത്തിലേക്ക് മാറ്റാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ലണ്ടനിൽ ഏറ്റവും കൂടുതൽ വിലമതിപ്പുള്ള മേഖലയിലാണ് ഇവരെ പുനരധിവസിപ്പിക്കുന്നത്. 

ഗ്രെൻഫെൽ ടവറിൽ താമസിച്ചിവരുന്നവരിൽ ഏറെപ്പേരെയും പുനരധിവസിപ്പിച്ചെങ്കിലും സമീപത്തെ ഫ്ളാറ്റുകളിലുള്ളവരുടെ ദുരിത ജീവിതം തുടരുകയാണെന്നും റിപ്പോർട്ടുണ്ട്. പാചകവാതകമോ കുടിവെള്ളമോ വൈദ്യുതിയോ ഇനിയും ഈ മേഖലയിൽ പുനഃസ്ഥാപിച്ചിട്ടില്ല. തീപിടിത്തതെത്തുടർന്ന് പല കുടുംബങ്ങളെയും മേഖലയിൽനിന്ന് ഒഴിപ്പിച്ചിരുന്നു. അവരിൽ പലരും തിരിച്ചുവന്നപ്പോഴാണ് അടിസ്ഥാന സൗകര്യങ്ങളിൽ പലതുമില്ലെന്ന് മനസ്സിലായത്. പലരും ഹോട്ടലുകളിലേക്കും മറ്റും താമസം മാറ്റിയതായും റിപ്പോർട്ടുണ്ട്.