ഗ്നി മരണതാണ്ടവമാടിയ ഗ്രെൻഫെൽ ടവറിൽ ശേഷിച്ചിരുന്നതെന്തൊക്കെയാണ്. അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തുന്നത് കരളലിയിക്കുന്ന കഥകൾ മാത്രം. ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിൽ കുഞ്ഞുങ്ങളെയുമെടുത്ത് രക്ഷാമാർഗംതേടിയലഞ്ഞവർ, പുകയിൽ ശ്വാസംമുട്ടി പിടഞ്ഞുവീണവർ, തീയിൽ വെന്തുരുകിയ ജീവിതങ്ങൾ അങ്ങനെയങ്ങനെ...

ജനിച്ച് ആറുമാസം പ്രായമുള്ള നീല ബെൽക്കാഡിയുടെ കത്തിക്കരിഞ്ഞ രൂപം കണ്ടത് അമ്മ ഫറാ ഹംദാന്റെ കൈകളിൽ ഒട്ടിച്ചേർന്ന നിലയിലാണ്. ലീനയെയുമെടുത്ത് പടികളിറങ്ങുന്നതിനിടെയാണ് ഫറയെ തീ വിഴുങ്ങിയത്. 19-ാമത്തെയും 20-ാമത്തെയും നിലകളിൽക്കിടെ, സ്റ്റെയർകേസിലാണ് ഇവരുടെ മൃതദേഹങ്ങൾ കിട്ടിയതെന്ന് വെസ്റ്റ്മിനിസ്റ്റർ കോടതിയിൽ അന്വേഷണോദ്യോഗസ്ഥനായ എറിസ് സ്വോർഡ് പറഞ്ഞു.

ലീനയുടെ എട്ടുവയസ്സുള്ള സഹോദരി മലക് ബെൽക്കാഡിയെ 20-ാം നിലയിൽനിന്ന് കണ്ടെത്തുമ്പോൾ ജീവന്റെ തുടിപ്പ് ശേഷിച്ചിരുന്നുവെങ്കിലും വൈകാതെ സെന്റ് മേരീസ് ആശുപത്രിയിൽ അവൾ മരിച്ചു. ഇവരുടെ അച്ഛൻ ഒമറും തീപിടിത്തത്തിൽ കൊലപ്പെട്ടു. ഫറ-ഒമർ ദമ്പതിമാരുടെ രണ്ടാമത്തെ മകൾ, ആറുവയസ്സുള്ള തസ്മിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ആ കുട്ടിയും കൊല്ലപ്പെട്ടുവെന്നുതന്നെയാണ് അധികൃതർ കരുതുന്നത്.

ഇവരടക്കം ഏഴ് പേരുടെ മരണമാണ് വെസ്റ്റ്മിനിസ്റ്റർ കോടതിയിൽ നടന്ന ഇൻക്വെസ്റ്റിൽ ഇന്നലെ സ്ഥിരീകരിച്ചത്. സിറിയൻ അഭയാർഥിയായ മുഹമ്മദ് അൽ ഹജ് അലിയാണ് മരണം സ്ഥിരീകരിച്ച മറ്റൊരാൾ. ഗ്രെൻഫെൽ ടവറിന് പുറത്താണ് ഇയാളുടെ മൃതദേഹം കണ്ടിരുന്നത്. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിൽനിന്ന് ചാടിയപ്പോഴാണ് മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. ദുരന്തമുണ്ടായി ഒരാഴ്ചയ്ക്കുശേഷം ഇയാളുടെ മൃതദേഹം സംസ്‌കരിച്ചിരുന്നു. ആ ചടങ്ങിൽ സിറിയയിൽനിന്നുള്ള കുടുംബവും പങ്കെടുത്തിരുന്നു.

മുഹമ്മദ് അമീദ് നെദയെന്ന 57-കാരന്റെ ഇൻക്വെസ്റ്റും കോടതിയിൽ നടന്നു. ഇയാളും വീഴ്ചയിലാണ് കൊല്ലപ്പെട്ടത്. തീപിടിത്തമുണ്ടായഉടൻ കെട്ടിടത്തിൽനിന്ന് ചാടിയാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. 23-ാം നിലയിൽ താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ കുടുംബം ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്.