- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇളമന ഹരിദാസിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജെഡി എസ് വിട്ടു; സംസ്ഥാന നേതൃത്വത്തിന്റെ ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇളമന ഹരിദാസ്
കോഴിക്കോട്: ജനതാദൾ സെക്യുലറും (ജെ ഡി എസ്), ലോക് താന്ത്രിക് ജനതാദളും (എൽജെഡി) തമ്മിലുള്ള ലയന നീക്കങ്ങൾ നടക്കവെ ജനതാദൾ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇളമന ഹരിദാസിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ ജനതാദൾ-എസിൽ (ജെഡിഎസ്) നിന്ന് രാജിവച്ചു. സംസ്ഥാന നേതൃത്വത്തിന്റെ ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് രാജി. ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് ഇളമന ഹരിദാസ് പ്രസ്താവനയിൽ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ രാജിവച്ചവരിൽ ഉൾപ്പെടും. കഴിഞ്ഞ ദിവസം കോഴിക്കോട്ടു യോഗം ചേർന്നാണ് ഈ വിഭാഗം പ്രവർത്തകർ പാർട്ടി വിടാൻ തീരുമാനിച്ചത്. സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ മെമ്പർഷിപ്പ് ചേർത്തി പാർട്ടി പിടിച്ചെടുക്കാൻ ഒരു വിഭാഗം ശ്രമിച്ചതാണ് രാജിയിലേക്കു നയിച്ചതെന്ന് ഇളമന ഹരിദാസ് പറഞ്ഞു. വ്യാജ മെമ്പർഷിപ്പ് ചേർത്തിയതിന്റെ പേരിൽ കോഴിക്കോട്, ഇടുക്കി ജില്ലകളിലെ തെരഞ്ഞെടുപ്പ് ദേശീയ നേതൃത്വം റദ്ദാക്കിയിരിക്കുകയാണ്.
രണ്ടു ജില്ലകളിലും നിലവിൽ കമ്മിറ്റികളില്ല. സംഘടനാ ഭാരവാഹിത്വത്തിലും ഈ ജില്ലകളിൽ നിന്നുള്ളവർ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് നാലിന് നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നടന്ന മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ നൂറു ശതമാനവും ജനാധിപത്യ വിരുദ്ധമായിരുന്നു. നിയോജക മണ്ഡലത്തിൽ 25 ശതമാനം വാർഡുകളിൽ നിർബന്ധമായും മെമ്പർഷിപ്പുള്ള മണ്ഡലങ്ങളിൽ മാത്രമേ മണ്ഡലം കമ്മിറ്റി രൂപീകരിക്കാവൂ എന്ന പാർട്ടി ഭരണഘടനാ ഭേദഗതി പാർട്ടി പ്രവർത്തകരെ നേതൃത്വം അറിയിച്ചിരുന്നില്ല.
കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും വാർഡുകളിൽ 25 ശതമാനം മെമ്പർമാരില്ലാതെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. എലത്തൂർ, കുന്ദമംഗലം നിയോജക മണ്ഡലങ്ങളിലും കോഴിക്കോട് സൗത്ത്- നോർത്ത് മണ്ഡലങ്ങളിലും 25 ശതമാനം വാർഡുകളിൽ പാർട്ടിക്ക് അംഗങ്ങളില്ല. ഇവിടെയെല്ലാം വ്യാജ മെമ്പർഷിപ്പ് ചേർത്താണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇതിനെതിരെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ നേതൃത്വം രണ്ടു ജില്ല കളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നത്. പാർട്ടി വിട്ടവർ യോഗം ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ഇളമന ഹരിദാസ് അറിയിച്ചു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.