ജനീവ: അയൽരാജ്യങ്ങളിൽ താമസിച്ച് സ്വിറ്റ്‌സർലണ്ടിൽ ജോലി നോക്കുന്ന വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ കുറവു രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. അയൽ യൂറോപ്യൻ രാജ്യങ്ങളിൽ താമസിച്ച് ഇവിടെ ജോലിക്കെത്തുന്ന വിദേശീയരുടെ എണ്ണത്തിൽ 2014 വരെ വൻ വർധനയാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും ഇപ്പോൾ ഇക്കാര്യത്തിൽ കുറവാണ് കണ്ടുവരുന്നതെന്ന് സർക്കാർ വെളിപ്പെടുത്തിയ കണക്കുകൾ വ്യക്തമാക്കുന്നു.

2014 അവസാനത്തെ കണക്ക് അനുസരിച്ച് ഇത്തരത്തിൽ സ്വിറ്റ്‌സർലണ്ടിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 3.1 ശതമാനം വർധിച്ച് 287,100 ആയി ഉയരുകയായിരുന്നു.. 2013-ലേക്കാൾ 8,600 പേരുടെ വർധനയാണ് ഉണ്ടായത്. എന്നാൽ മുൻ വർഷങ്ങളിൽ ഉണ്ടാകുന്നത്ര വർധന ഇക്കാര്യത്തിൽ 2014-ൽ സംഭവിച്ചിട്ടില്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഫ്രാൻസിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരും അതിർത്തി കടന്ന് ജോലിക്കെത്തുന്നത്. അയൽരാജ്യങ്ങളിൽ നിന്ന്  എത്തുന്നവരിൽ 52.4 ശതമാനം പേരും ഫ്രാൻസിൽ നിന്നുള്ളവരാണ്. രണ്ടാം സ്ഥാനത്ത് ഇറ്റലിക്കാരാണ്. 23.7 ശതമാനം പേരാണ് ഇറ്റലിയിൽ നിന്നുള്ളത്. 20.4 ശതമാനം പേർ ജോലിക്കെത്തുന്ന ജർമനിയാണ് മൂന്നാം സ്ഥാനത്ത്. ഇറ്റലിയുമായി അതിർത്തി പങ്കു വയ്ക്കുന്ന സ്വിറ്റ്‌സർലണ്ടിലെ കാന്റനാണ് ടിസിനോയിലാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ പേർ ജോലിക്ക് എത്തുന്നത്. 26.2 ശതമാനം പേർ.

അതേസമയം അയൽരാജ്യങ്ങളിൽ താമസിക്കുന്ന സ്വിസ് പൗരന്മാരെ ഇക്കൂട്ടത്തിൽ കണക്കാക്കിയിട്ടില്ല. ഫ്രാൻസ്, ഇറ്റലി, ജർമനി, ഓസ്ട്രിയ എന്നിവിടങ്ങളിൽ താമസിച്ച് സ്വിറ്റ്‌സർലണ്ടിൽ ജോലിക്ക് എത്തുന്ന ഒട്ടേറെ സ്വിസ് പൗരന്മാരും ഉണ്ട്. യൂറോ സോൺ രാജ്യങ്ങളിൽ പൊതുവേ ജീവിത ചെലവു കുറവാണെന്നുള്ളതാണ് ഇത്തരത്തിൽ സ്വിറ്റ്‌സർലണ്ടിനു വെളിയിൽ താമസിച്ച് ഇവിടെ ജോലിക്കു വരാൻ ഏവരേയും പ്രേരിപ്പിക്കുന്ന ഘടകം. സ്വിറ്റ്‌സർലണ്ടിൽ പല കാന്റനുകളിലും പ്രത്യേകിച്ച് ജനീവയിലും മറ്റും താമസസ്ഥലം കണ്ടെത്തുകയെന്നും പ്രധാന കടമ്പയായതും അതിർത്തി കടന്ന് ജോലി ചെയ്യാൻ ഏവരേയും പ്രേരിപ്പിക്കുന്നു.
എന്നാൽ അതിർത്തികടന്ന് ജോലിക്കെത്തുന്നവർ് ഇവിടെതന്നെ താമസിച്ച് ജോലി ചെയ്യുന്നവരുടെ നീരസത്തിന് വിധേയമാകാറുണ്ടെന്നാണ് റിപ്പോർട്ടുകൾ.