ബെംഗളൂരു: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിൽ നിന്ന് പുലർച്ചെയാണ് ജിസാറ്റ് വിക്ഷേപിച്ചത്. 3477 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെയും വഹിച്ചുകൊണ്ട് ഏരിയൻ 5 വിഎ-238 റോക്കറ്റാണ് ഗയാനയിൽനിന്ന് കുതിച്ചുയർന്നത്.

ഭ്രമണപഥത്തിലെത്തുന്നതോടെ ഹാസ്സനിലെ ഐഎസ്ആർഒ യൂണിറ്റ് ഉപഹ്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. 15 വർഷം ആയുസുള്ള ഉപഗ്രഹം പ്രധാനമായും ആശയവിനിമയ സേവനം മുൻനിർത്തിയുള്ളതാണ്. കാലാവസ്ഥാ വിവരങ്ങൾ ലഭിക്കുന്നതിനും ഇത് സഹായിക്കും.

ജിസാറ്റ് 17 കൂടി ചേർക്കപ്പെടുന്നതോടെ ഭൂസ്ഥിര ഭ്രമണപഥത്തിൽ ഐഎസ്ആർഒയുടേതായി 17 ഉപഗ്രഹങ്ങളായി. ഈ മാസം ഐഎസ്ആർഒ വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണ് ജിസാറ്റ് 17. മറ്റ് രണ്ട് ഉപഗ്രഹങ്ങളും ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത്.

ഭാരമേറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനാണ് ഐഎസ്ആർഒ ഏരിയൻ 5 റോക്കറ്റിനെ ആശ്രയിക്കുന്നത്. റോക്കറ്റിൽ നിന്നും ഉപഗ്രഹത്തെ വിജയകരമായി വേർപെടുത്താൻ കഴിഞ്ഞെന്നും ഐഎസ്ആർഒ അറിയിച്ചു.