ന്യൂഡൽഹി: കോവിഡ് പോസിറ്റീവായി മണിക്കൂറുകൾക്കുള്ളിൽ സഹപ്രവർത്തകനായ ജൂനിയർ ഡോക്ടർ മരിച്ചതിന്റെ ഞെട്ടൽ വിട്ടുമാറാതെ ഡൽഹി ജി.ടി.ബി ആശുപത്രിയിലെ ഡോക്ടർമാർ. ഞായറാഴ്ചയാണ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജി.ടി.ബി ആശുപത്രിയിൽ ജൂനിയർ ഡോക്ടറായിരുന്ന 26കാരൻ അനസ് മുജാഹിദ് മരിച്ചത്.

ഡൽഹി യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും എംബിബിഎസ് നേടിയ അനസ് ശനിയാഴ്‌ച്ച ഉച്ചവരെ ആശുപത്രിയിലെ ഒബി ജിൻ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. അന്ന് രാത്രി 8 മണിക്കാണ് കോവിഡ് പൊസിറ്റീവാണെന്ന റിപ്പോർട്ട് കിട്ടിയത്. ഞായറാഴ്‌ച്ച പുലർച്ചെ മൂന്ന് മണിയോടെ തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് അനസ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. മറ്റ് എന്തെങ്കിലും തരത്തിലുള്ള അസുഖം അനസിന് ഉണ്ടായിരുന്നില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.

ഡൽഹിയിൽ തന്നെയാണ് അനസിന്റെ കുടുംബം. കോവിഡ് കേസുകൾ ഏറെയുള്ള സാഹചര്യത്തിൽ റസിഡന്റ് ഡോക്ടറെന്ന നിലയിൽ ജോലി ചെയ്യുന്നതിനാൽ ആശുപത്രിയുടെ ചെലവിൽ ലീല പാലസ് ഹോട്ടലിലാണ് അനസ് താമസിച്ചിരുന്നത്. അവിവാഹിതനായ അനസിന് രക്ഷിതാക്കളും നാല് സഹോദരന്മാരും ഉണ്ട്. ഗൾഫിൽ എഞ്ചിനീയറായ പിതാവ് അടുത്തിടെയാണ് ഇന്ത്യയിലേക്ക് മാറിയത്.

ശനിയാഴ്‌ച്ച വൈകുന്നേരം ഇഫ്താറിനായി കുടുബാംഗങ്ങളുടെ അടുത്ത് അനസ് പോയിരുന്നു. തിരിച്ചു വരുമ്പോൾ ചില അസ്വസ്ഥകൾ അനുഭവപ്പട്ടതിനെ തുടർന്ന് ജിടിബി ആശുപത്രിയിൽ എത്തി കോവിഡ് പരിശോധന നടത്തി. തലവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് രാത്രി 8 മണിയോടെയാണ് അനസ് കോവിഡ് പരിശോധന നടത്തിയത്. റാപ്പിഡ് ആന്റിജൻ പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തി.

ഡോക്ടർ മരുന്നിനുള്ള കുറിപ്പ് എഴുതുന്നതിനിടെ തനിക്ക് ശക്തമായ തലവേദനയുണ്ടെന്ന് അനസ് അറിയിച്ചു. പിന്നാലെ ബോധരഹിതനായി നിലത്ത് വീഴുകയും ചെയ്തു. ഡോക്ടർ മാസ്‌ക്ക് മാറ്റിയപ്പോൾ മുഖത്തിന്റെ ഒരു ഭാഗം മരവിച്ച അവസ്ഥയിലായിരുന്നുവെന്ന് അനസിന്റെ സുഹൃത്തും സഹപാഠിയുമായ ഡോക്ടർ ഷഹാസ് ബേഗ് പഞ്ഞു.

അത്യാഹിത വിഭാഗത്തിലേക്ക് അനസിനെ ഉടൻ മാറ്റുകയും സിടി സ്‌കാൻ എടുക്കുകയും ചെയ്തു. രക്തം വലിയ രീതിയിൽ കട്ടപിടിച്ചതായി സ്‌കാൻ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. പുലർച്ചെ 2.30 ഓടെ അനസിനെ വെന്റിലേറ്ററിലേക്ക് മാറ്റി. അര മണിക്കൂറിനുള്ളിൽ അനസ് മരണപ്പെടുകയും ചെയ്തു. സഹപാഠികൾക്കും ഡോക്ടർമാർക്കും അനസിന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.

കഠിനാധ്വാനിയായ ചെറുപ്പക്കാരനായിരുന്നു അനസ്, കോവിഡ് വാർഡ്, ഒബി ജിൻ വാർഡ് എന്നിങ്ങനെ നിരവധിയിടങ്ങളിൽ അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നു. ഞങ്ങളുടെ പരിശ്രമങ്ങൾക്കും പ്രാർത്ഥനകൾക്കും അദ്ദേഹത്തെ രക്ഷിക്കാനായില്ല- ഷഹാസ് ബേഗ് പറഞ്ഞു

''നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം ജീവനുകളെ ഈ വൈറസ് എടുത്തിട്ടുണ്ട്. ഈ മഹാമാരിയിൽ ഞങ്ങൾക്ക് നഷ്ടപ്പെട്ട ചെറുപ്പക്കാരായ പോരാളികളിൽ ഒരാളാണ് അനസ്. അദ്ദേഹത്തിന്റെ മരണം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതാണ് അനസിന്റെ മരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി ചെറിയ ലക്ഷണങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നതായാണ് ഞാൻ മനസിലാക്കുന്നത് ' ആശുപത്രിയിലെ മുതിർന്ന ഡോക്ടറായ ഡോക്ടർ സന്ദീപ് യാദവ് പറഞ്ഞു.

ഞായറാഴ്‌ച്ച വൈകീട്ടോടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ശാസ്ത്രി പാർക്കിലാണ് സംസ്‌ക്കാര ചടങ്ങുകൾ നടത്തിയത്. 

കോളജ് കാലം മുതൽ ഒരുമിച്ചുള്ള സുഹൃത്തിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നാണ് ഡോ. സൊഹേൽ പറയുന്നത്. മറ്റു സഹപ്രവർത്തകർക്കും അനസിന്റെ മരണം അവിശ്വസനീയമാണ്. മരണത്തിനു മുമ്പ് അനസ് വീട്ടുകാരുമായി ഇടപഴകിയതിനാൽ ആർക്കെങ്കിലും എന്തെങ്കിലും ലക്ഷണമുണ്ടോയെന്ന് നിരന്തരം നിരീക്ഷിക്കുന്നതായും സുഹൃത്തുക്കൾ വ്യക്തമാക്കി.