ഹൂസ്റ്റൺ: എടിഎം മെഷീൻ റീഫിൽ ചെയ്യുന്നതിനിടെ ഗാർഡ് വെടിയേറ്റു മരിച്ച സംഭവത്തിൽ അക്രമിയെ തെരഞ്ഞ് പൊലീസ്. നോർത്ത് വെസ്റ്റ് ഹൂസ്റ്റണിലുള്ള വെൽസ് ഫാർഗോ ബാങ്കിന്റെ നോർത്ത് വെസ്റ്റ് ഫ്രീവേയിലുള്ള എടിഎമ്മിൽ പണം നിറയ്ക്കുന്നതിനിടെയാണ് ബ്രിങ്ക്‌സ് ഗാർഡിന് വെടിയേൽക്കുന്നത്.

പണവുമായി എത്തുന്നുവെന്ന് അറിഞ്ഞ അക്രമി പതിയിരുന്ന് വെടിവയ്ക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഗാർഡും സഹായിയും ഒരു വാഹനത്തിലാണ് പണവുമായി എടിഎമ്മിനു മുന്നിലെത്തിയത്. സഹായി കാറിൽ ഇരിക്കുകയായിരുന്നു. മെഷീനിനടുത്ത് നിന്ന് പണം നിറയ്ക്കുന്നതിനിടെയിൽ ഗാർഡിനു വെടിയേൽക്കുകയായിരുന്നു.

സംഭവത്തിന് ദൃക്‌സാക്ഷികളായി ഏറെപ്പേർ ഉണ്ടായിരുന്നെങ്കിലും അക്രമിയെ പിടികൂടാനായില്ല. പ്രതിയുടെ ചിത്രം ക്യാമറയിൽ നിന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കേസ് അന്വേഷണം നടക്കുന്നതിനാൽ കൊല്ലപ്പെട്ട ഗാർഡിനെകുറിച്ചുള്ള വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.