മൊഹാലി: കരിയറിലെ നൂറാം ടെസ്റ്റിൽ ഇന്ത്യൻ മുൻ നായകൻ വിരാട് കോലിക്ക് ഗാർഡ് ഓഫ് ഹോണർ നൽകി സഹതാരങ്ങൾ. ലങ്ക ആദ്യ ഇന്നിങ്സിൽ ബാറ്റിംഗിനിറങ്ങവേയാണ് കോലിയെ ആദരിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ആവശ്യപ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. രോഹിതിന്റെ ആവശ്യം ഏറ്റെടുത്ത സഹതാരങ്ങൾ വീരോചിതമായി കോലിയെ ആദരിച്ചു. ഗാർഡ് ഓഫ് ഹോണറിന് ശേഷം രോഹിത്തിനും സഹതാരങ്ങൾക്കും അരികിലെത്തി കിങ് കോലി നന്ദിയും സന്തോഷവും പ്രകടിപ്പിച്ചു.

ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ഐതിഹാസിക സെഞ്ചുറിയുടെ കരുത്തിലാണ് മൊഹാലിയിൽ ഇന്ത്യൻ എട്ടിന് 574 എന്ന മികച്ച സ്‌കോർ പടുത്തുയർത്തിയത്. 228 പന്തിൽ 17 ഫോറും 3 സിക്സറുകളുമായി 175 റൺസെടുത്ത് പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ജഡേജയ്ക്കൊപ്പം മുഹമ്മദ് ഷമി (19) പുറത്താവാതെ നിന്നു. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ജഡേജ സ്വന്തമാക്കിയത്.

ആദ്യദിനം തകർത്തടിച്ച റിഷഭ് പന്തിന്(96) പുറമെ രണ്ടാംദിനം ആർ അശ്വിൻ (61) ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി. ഹനുമാ വിഹാരി (58), വിരാട് കോലി (45) എന്നിവർ ഭേദപ്പെട്ട പ്രകടനം ആദ്യദിനം പുറത്തെടുത്തിരുന്നു. മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളിൽ രവീന്ദ്ര ജഡേജ പങ്കാളിയായി. കഴിഞ്ഞ ദിവസം അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിനുള്ള സമർപ്പണം കൂടിയായിരുന്നു ജഡേജയുടെ സെഞ്ചുറി.

പ്രഥമ ഐപിഎല്ലിൽ വോൺ നയിച്ച രാജസ്ഥാൻ റോയൽസിൽ അംഗമായിരുന്നു ജഡേജ. അശ്വിനൊപ്പം 130 റൺസിന്റെ കൂട്ടുകെട്ട് ജഡ്ഡു പടുത്തുയർത്തിയത് രണ്ടാംദിനം ഇന്ത്യക്ക് കരുത്തായി. അശ്വിൻ എട്ട് ബൗണ്ടറികളുടെ സഹായത്തോടെയാണ് 61 റൺസെടുത്തത്. നൂറാം ടെസ്റ്റിലെ 100 കാത്തിരുന്ന ആരാധകർക്ക് മുന്നിൽ ആദ്യ ഇന്നിങ്സിൽ വിരാട് കോലി 45ൽ പുറത്തായെങ്കിലും ടെസ്റ്റ് കരിയറിൽ 8000 റൺസ് ക്ലബിൽ ഇടംപിടിക്കുന്ന ആറാം ഇന്ത്യൻ താരമാകാൻ കിംഗിനായി.

ഇന്ത്യയുടെ കൂറ്റൻ സ്‌കോർ പിന്തുടരുന്ന ശ്രീലങ്ക ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 32 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് എന്ന നിലയിലാണ്. 60 പന്തിൽ 17 റൺസ് നേടിയ ലഹിരു തിരിമന്നെയെ അശ്വിൻ എൽബിയിൽ കുടുക്കി. 71 പന്തിൽ 28 റൺസ് എടുത്ത് നിൽക്കെ നായകൻ ദിമുത് കരുണരത്‌നെ ജഡേജയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. പാതും നിസംങ്കയും എയ്ഞ്ചലോ മാത്യുസുമാണ് ക്രീസിൽ.