മുബൈ: കുട്ടിക്കാലം മുതൽക്ക് സച്ചിൻ തെണ്ടുൽക്കറുടെ ജീവിതം ക്രിക്കറ്റ് ക്രീസിലായിരുന്നു. കുടുംബജീവിതത്തിലേക്ക് കടന്നപ്പോഴും ക്രിക്കറ്റും അതിനായുള്ള യാത്രകളും സച്ചിന്റെ ജീവിതം സ്വന്തമാക്കി.

മിനിറ്റുകൾക്ക് കോടികൾ വിലയുള്ള താരമായി മാറിയ സച്ചിൻ വിരമിക്കലിനുശേഷം പൂർണമായും കുടുംബത്തോടൊപ്പമാണ്. ഭാര്യ അഞ്ജലിക്കും മക്കളായ അർജുന്റെയും സാറയുടെയും കൂടെ മുഴുവൻ സമയവും ചെലവിടാൻ ക്രിക്കറ്റ് ഇതിഹാസം ഇപ്പോൾ ശ്രമിക്കുന്നു.

അർജുനൊപ്പം പെയിന്റ്‌ബോളും ബൗളിങ്ങും കളിച്ച് സമയം പോക്കുകയാണ് ഇപ്പോൾ സച്ചിന്റെ പ്രധാന പരിപാടി. സച്ചിന്റെ സുഹൃത്തുക്കളും അർജുന്റെ സുഹൃത്തുക്കളും ടീമുകളായി തിരിഞ്ഞാണ് പെയിന്റ്‌ബോൾ കളിക്കുന്നത്. ഇടയ്ക്ക് മകൾ സാറയും ഒപ്പം കൂടുമെന്നും സച്ചിൻ പറയുന്നു. കുട്ടികളുമായി അടുക്കാൻ ഇത്തരം കളികളാണ് തന്നെ സഹായിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് കുടുംബവുമൊത്ത് ചെലവഴിക്കാൻ അധികം സാധിച്ചിട്ടില്ല. ഇപ്പോൾ, ആ സമയമെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സച്ചിൻ. ഇടയ്ക്ക് സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാൻ പോകുമ്പോൾ, ആരാധകർ നൽകുന്ന സ്‌നേഹ വായ്പുകൾ തന്നെ പഴയ കളിക്കാലത്തേയ്ക്ക് തിരിച്ചുകൊണ്ടുപോകുമെന്നും സച്ചിൻ പറയുന്നു. എവിടെച്ചെന്നാലും സച്ചിൻ വിളികളുമായി ആരാധകർ ഇതിഹാസ താരത്തെ ഒപ്പം കൂട്ടുകയും ചെയ്യുന്നു.

ഇന്ത്യൻ ക്രിക്കറ്റിലെ സുപ്രധാന പദവികളിലൊന്ന് സച്ചിനെ തേടിയെത്തുമെന്ന സൂചനയുണ്ട്. മുബൈ ഇന്ത്യൻസ് ടീമിനൊപ്പവും സച്ചിനെ കാണാം. ടീമിന്റെ ഐപിഎൽ കിരീട നേട്ടത്തിലും സച്ചിന്റെ സ്വാധീനം വ്യക്തമായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചി ടീമിന്റെ അമരത്തുമുണ്ട്. എന്നാൽ ഇവയ്ക്കുള്ള യാത്രകൾ പോലും കുടുംബത്തിനായി സച്ചിൻ പരമാവധി കുറയ്ക്കുകയാണ്.