അബുദാബി: സ്‌കൂൾ കുട്ടികളുടെ സുരക്ഷയെകുറിച്ച് ഏറെ ആശങ്ക ഉയരുന്ന ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി അബുദാബി എഡ്യൂക്കേഷൻ കൗൺസിലും (ADEC) എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ടും ഗൈഡ് ബുക്ക് ഇറക്കി. സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ ഏറ്റെടുത്തിരിക്കുന്ന ആളുകളുടെ ഉത്തരവാദിത്വവും കടമകളുമാണ് ഗൈഡ് ബുക്കിൽ വിശദമാക്കുന്നത്.

സ്‌കൂൾ ട്രാൻസ്‌പോർട്ടിന്റെ ഉപയോഗത്തെ കുറിച്ച് വിദ്യാർത്ഥികളേയും മാതാപിതാക്കളേയും ബോധവത്ക്കരിക്കുക, വീട്ടിൽ നിന്നു സ്‌കൂളിലേക്കും തിരിച്ചുമുള്ള വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര തുടങ്ങിയവയെകുറിച്ചാണ് ഗൈഡ് ബുക്കിൽ പ്രതിപാദിക്കുന്നത്. വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് കൊണ്ടുവരുന്ന ആൾക്കാരുടെ എല്ലാ കടമകളെ കുറിച്ചും ഉത്തരവാദിത്വത്തെ കുറിച്ചും വ്യക്തമാക്കുക, സുരക്ഷിത യാത്ര വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുക, സ്‌കൂളിൽ ആരോഗ്യകരവും സുരക്ഷിതവുമായ സാഹചര്യം ഒരുക്കുക എന്നിവയും ലക്ഷ്യമിടുന്നുണ്ട്.

രണ്ടു വിഭാഗങ്ങളും ഒരുമിച്ച് ഈ ലക്ഷ്യം നേടുന്നതിനായി പ്രയത്‌നിക്കണമെന്നും സ്‌കൂൾ ബസുകളുടെ അപകട നിരക്ക് പൂജ്യത്തിലേക്ക് എത്തിക്കുകയെന്നതാണ് അന്തിമ ലക്ഷ്യമെന്നും എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ട് എക്‌സിക്യുട്ടീവ് ഡയറക്ടർ ഓഫ് സ്‌കൂൾ ട്രാൻസ്‌പോർട്ട് ഡിവിഷൻ അബ്ദുള്ള ബിൻ സ്വൈഫ് അൽഗുഫ്‌ലി വ്യക്തമാക്കുന്നു.