ദുബൈ നഗരത്തിന്റെ ഏറ്റവും പുതിയപുത്തൻ ആകർഷണ കേന്ദ്രമായ ദുബൈ കനാലിന്റെ അരികിലെ നടപ്പാതയിൽ പാലിക്കേണ്ട മര്യാദകളും നിർദേശങ്ങളും റോഡ് ഗതാഗത അഥോറിറ്റി പുറത്തിറക്കി. കനാലിന്റെ നടവഴികളിൽ ബൈക്ക്, സൈക്കിളിങ്, സ്‌കേറ്റ്‌ബോർഡ്, റോളർ സ്‌കേറ്റിങ് എന്നിവ അനുവദനീയമല്ലെന്ന് അധികൃതർ പറഞ്ഞു.

മാത്രമല്ല കൈവരികളിൽ ചാടിക്കയറുന്നതും മാലിന്യങ്ങൾ തള്ളുന്നതും നിയമവിരുദ്ധമാണ്. അതുപോലെ തന്നെ ശീഷ വലിയും മാന്യമല്ലാത്ത വസ്ത്രങ്ങൾ ധരിക്കുന്നതും പാതയിൽ ചൂയിംഗവും മറ്റും തുപ്പുന്നതും അനുവദിക്കില്ല. കനാലിനു സമീപം കാമ്പ് ഫയർ നടത്തുന്നതും ബാർബക്യൂ ചുടുന്നതും നിരോധിച്ചിട്ടുണ്ട്. വളർത്തു മൃഗങ്ങളെ കൊണ്ടുവരികയുമരുത്.

സന്ദർശകരുടെ സുരക്ഷയും സൗകര്യങ്ങളും പരിഗണിച്ചാണ് ഈ നിർദേശങ്ങളെന്ന് ആർ.ടി.എ ട്രാഫിക് വിഭാഗം ഡയറക്ടർ നബീൽ മുഹമ്മദ് സാലിഹ് വ്യക്തമാക്കി. രക്ഷകർത്താക്കളുടെ സാമീപ്യമില്ലാതെ 12 വയസിൽ താഴെയുള്ള കുഞ്ഞുങ്ങളെ വിടരുതെന്നും അദ്ദഹേം പറഞ്ഞു.

വിവരങ്ങൾ രേഖപ്പെടുത്തിയ ബോർഡുകൾ കനാലിനു സമീപം സ്ഥാപിച്ചിട്ടുണ്ട്. ഇവ ലംഘിക്കുന്നവർ പിഴ ഉൾപ്പെടെ വിവിധ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. പൊതുജനങ്ങൾക്ക് നിർദേശങ്ങളും പരാതികളും 8009090 എന്ന നമ്പറിൽ അറിയിക്കാം.