തിരുവനന്തപുരം: നാട്ടിൻപുറങ്ങളിലെ കല്യാണം മുടക്കികളായ യുവാക്കൾ മലയാള സിനിമകളിൽ ധാരളം വന്നിട്ടുണ്ട്. ഒരു കാര്യമില്ലെങ്കിലും വെറുതേ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നതിൽ മനസുഖം കിട്ടുന്നവരാണ് ഇത്തരം കഥാപാത്രങ്ങൾ. സിനിമയിൽ മാത്രമല്ല, ഇത്തരം കഥാപാത്രങ്ങളുള്ളത്. ജീവിതത്തിലും ധാരാളമുണ്ട്. അത്തരം വിവാഹം മുടക്കികളെ കൊണ്ട് സഹികെട്ട ഒരു കലാകാരന്റെ കഥയാണ് പറഞ്ഞു വരുന്നത്.

ചാനലുകളിലെ കോമഡി പരിപാടികളിൽ സാന്നിധ്യമായ ഗിന്നസ് വിനോദാണ് കല്യാണം മുടക്കികളെ കൊണ്ട് പൊറുതി മുട്ടിയത്. വിവാഹം കഴിക്കാൻ വേണ്ടി നിരവധി പെണ്ണുകണ്ടു വിനോദ. വിനോദിനും വീട്ടുകാർക്കും ഇഷ്ടപ്പെട്ട് വീട്ടിലേക്ക് ക്ഷണിച്ചു തിരിച്ചു പോരുകയുംചെയ്തു. ഇങ്ങനെ പെൺവീട്ടുകാർ തിരികെ വീട്ടിലെത്തുമ്പോൾ വിവാഹം മുടക്കാൻ വേണ്ടി ചിലർ രംഗത്തിറങ്ങും. വിനോദ് മദ്യപാനിയാണെന്നും അമ്മയ്ക്ക് അസുഖമാണെന്നുമൊക്കെയാണ് ഇത്തരക്കാർ തട്ടിവിടുക. ഇത് പതിവായതോടെ ശരിക്കും പൊറുതി മുട്ടി ഈ കോമഡി താരം. ഒടുവിൽ ഇത് കോമഡിയല്ലെന്ന് പറഞ്ഞ് തന്റെ ദുരനുഭവം വിവരിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റുമിട്ടു വിനോദ്.

തനിക്ക് വരുന്ന കല്യാണ ആലോചനകൾ മുടങ്ങി പോവുന്നതിന്റെ കാരണം വ്യക്തമാക്കി കൊണ്ടാണ് വിനോദ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. ഫേസ്‌ബുക്കിലൂടെ ബാധ്യതകളില്ലാത്ത പുനർ വിവാഹത്തിനും  താരം തയ്യാറായിരിക്കുകയാണ്. കല്യാണം മുടക്കികളായ മനുഷ്യന് നല്ലത് മാത്രം വരുത്തണേ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടാണ് വിനോദ് രംഗത്തെത്തിയത്. കല്യാണം മുടങ്ങാൻ പറഞ്ഞ കാര്യങ്ങൾക്കൊപ്പം വീടിന്റെയും ഗ്രഹനിലയുടെയും ചിത്രം സഹിതമാണ് വിനോദ് ഫേസ്‌ബുക്കിലൂടെ വിവാഹാഭ്യർത്ഥന നടത്തിയത്.

വധുവിനെ ആവശ്യപ്പെട്ടു കൊണ്ടുള്ള വിനോദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

'ഇത് കോമഡി അല്ല' ഇനിയുള്ള എന്റെ ജീവിതയാത്രയിൽ എന്റെയൊപ്പം നിൽക്കാൻ എനിക്ക് ഒരു ജീവിത പങ്കാളിയെ വേണം. ഞാൻ ഒരു കോമഡി ആർട്ടിസ്റ്റാണ്. അതുകൊണ്ടാണ് ഇങ്ങനെ ഒരു മുഖവുര മുകളിൽ കൊടുത്തത്. ഞാൻ പല സ്ഥലത്തും പോയി പെണ്ണ് കണ്ടു. എന്നെ ഇഷ്ട്ടപ്പെട്ട് എന്റെ വീട്ടിൽ വരുന്ന പെണ്ണു വീട്ടുകാരോട് എന്റെ വീടിന്റെ പരിസരത്തുള്ള ആരോ ഒരാൾ എനിക്ക് വരുന്ന കല്ല്യാണങ്ങൾ മുടക്കിക്കൊണ്ടിരിക്കുകയാണ് (എന്നിരുന്നാലും ആ മനുഷ്യന് നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.) കല്ല്യാണാലോചനകൾ മുടക്കാൻ അവർ പറയുന്ന കാരണങ്ങൾ ഇതാണ്.

1. ഞാൻ വലിയ ഒരു മദ്യപാനിയാണ് ( ഞാൻ കുടിക്കാറില്ല ) 2. എന്റെ അമ്മയ്ക്ക് രോഗം ഉള്ളതിനാൽ ആണ് ഞാൻ ഇപ്പോൾ കല്ല്യാണം കഴിക്കുന്നത് എന്നാണ് അവർ പറയുന്നത് ( എന്റെ അമ്മയ്ക്ക് കാര്യമായ അസുഖങ്ങൾ ഒന്നുമില്ല വാർദ്ധക്യ സഹജമായ ചില ബുദ്ധിമുട്ടുകൾ ആ ഒരു ബുദ്ധിമുട്ടുകൾ കാരണം എന്നിക്ക് എന്റെ അമ്മയേ ഒഴുവാക്കീട്ട് കല്ല്യാണം കഴിക്കാൻ പറ്റുമോ?

3 എന്റെ വീടിന്റെ പരിസരത്ത് മഴ പെയ്താൽ വെള്ളം നിൽക്കു ( ശരിയാണ് മഴ പെയ്താൽ വെള്ളം നിൽക്കും വെയിൽ വന്നാൽ ഉണങ്ങും) ഇതിനോടൊപ്പം എന്റെ ഫോട്ടോയും,അമ്മയുടെ ഫോട്ടോയും, വീടിന്റെ ഫോട്ടോയും ഒപ്പം എന്റെ ഗ്രഹനിലയും കൊടുത്തിട്ടുണ്ട് എന്നെ വിശ്വാസമുള്ളവർ താൽപ്പര്യമുള്ളവർ വിളിക്കുക( ബാധ്യതകൾ ഇല്ലാത്ത പുനർവിവാഹവും പരിഗണിക്കും).

സോഷ്യൽ മീഡിയയിൽ ഈ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്. വിനോദിന് വേണ്ടി പെണ്ണു തേടുകയാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് സുഹൃത്തുക്കളും ഇപ്പോൾ. വിവാഹം മുടക്കികൾ ഉള്ളതു കൊണ്ട് മനം മടുക്കരുതെന്നും മികച്ചൊരു വധുവിനെ തന്നെ ലഭിക്കുമെന്നും അദ്ദേഹത്തിന് ആശംസകൾ നേർന്നവർ കുറവല്ല.