കൊല്ലം : ടി.എസ് കനാലിന്റെ ഓളങ്ങളിലൂടെ കൈകാലുകൾ ചങ്ങളാൽ ബന്ധിച്ച് സാഹസിക പ്രകടനം നടത്തിയ ചെറുപ്പക്കാരൻ! കരുനാഗപ്പള്ളിയേയും ആലപ്പാടിനേയും ലോകത്തിന്റെ നെറുകയിലെത്തിച്ച നാട്ടിൻ പുറത്തുകാരൻ ശ്യാം എസ് പ്രബോധിനി 2003ലാണ് തന്റെ പരിശീലന ദൗത്യത്തിനിടയിൽ കായലിന്റെ ഓളങ്ങളിലേക്ക് മറഞ്ഞത്.

സാഹസികനും ധീരനുമായ ആ ചെറുപ്പക്കരനെ ഇന്നും കൊല്ലം കരുനാഗപ്പള്ളി സ്വദേശികൾ ഓർമയിലേറ്റുന്നു. 2003 ഒക്ടോബറിലായിരുന്നു അപമൃത്യുപോലെ ശ്യാം എസ് പ്രബോധിനി മറഞ്ഞത്. കരയിൽ കാത്തിരുന്ന ഫോട്ടോഗ്രഫർ നിശബ്ദമായി നിന്ന നിമിഷം. ലിങ്കാ ബുക്ക് ഓഫ് റെക്കോഡ് നേടിയ നീന്തൽ താരം ശ്യാമിന് ഒരേ ഒരാഗ്രഹം ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കുക എന്നതായിരുന്നു.

2003ൽ  ശ്യാം വിടപറഞ്ഞങ്കിലും സഹോദരന്റെ ആഗ്രഹം തന്നിലൂടെ നിറവേറ്റിയ ചാരിതാർത്ഥ്യമാണ് കരുനാഗപ്പള്ളി ആലപ്പാട് കോവശ്ശേരിൽ രാധകൃഷ്ണൻ കുസുമജ ദമ്പതികളുടെ മകൻ ഡോൾഫിൻ രതീഷ് (38)എന്ന രതീഷിനുള്ളത്. പണിക്കർ കടവ് പാലത്തിൽ നിന്ന് കൈകാലുകൾ ബന്ധിച്ച് അഴിയിക്കൽ വരെ നീളുന്ന 10 കിലോറ്റീർ നീന്തി കടന്നപ്പോൾ ഒരുമലയാളി സാഹസികൻ ഗിന്നസ് വേൾഡ് റെക്കോർഡിൽ തന്റെ പേര് എഴുതിവച്ചു. റെക്കോർഡിലേക്ക് നീന്തി കയറിയ ഡോൾഫിൻ രതീഷിന് ഈ റെക്കോർഡ് തന്റെ ഉറ്റബന്ധുകൂടിയായ ശ്യാം എസ് പ്രബോധിനിക്കുള്ള സമർപ്പണമാണെന്ന് മാത്രമെ പറയാനുള്ളു.

ശ്യാം നീന്തിക്കടന്ന അതേ കായലിലുടെയാണ് ഡോൾഫിൻ രതീഷും തന്റെ ദൗത്യം നേടിയെടുത്തത്. ഭാര്യ നിജ എല്ലാ സപ്പോർട്ടും നൽകി. ഏഴ് വയസുകാരൻ യഥുകൃഷ്ണനും , നാല് വയസുകാരൻ നീരജും അച്ഛന്റെ സാഹസിക പ്രകടനം കാണാൻ രാവിലെ മുതൽ കായൽ കരയിൽ ആകാംഷയോടെ നിന്നു. പണിക്കർ കടവ് പാലത്തിൽ നിന്ന് കൈകാൽ ബന്ധിച്ചുള്ള സാഹസിക പ്രകടനത്തിന് സംഘാടകത്വം വഹിച്ചത് കരുനാഗപ്പള്ളിയിലെ ഗ്രാമീണ കമ്യൂണിറ്റി റേഡിയോയായ എന്റെ റേഡിയോ 91.2, സ്‌നേഹസേന ക്ലബ് എന്നിവയുടെ കൂട്ടായ്മയിലൂടെയാരുന്നു. രാവിലെ 8: 45 തുടങ്ങിയ ദൗത്യത്തിൽ നിന്ന് ലക്ഷ്യ സ്ഥാനം കൈവരിക്കാൻ അഞ്ച് മണിക്കൂറും പത്ത് മിനിട്ടും എടുത്തു.

ഓളവും അടിയൊഴുക്കും വെല്ലുവിളിയായി! പതറാതെ മുന്നോട്ട്

ഉഡുപ്പി സ്വദേശി ഗോപാൽ ഖാർപ്പിയുടെ 3.8 കിലോമീറ്റർ റെക്കാഡ് ഭേദിക്കുക എന്നുള്ളതായിരുന്നു രതീഷിന് മുന്നിലുള്ള വെല്ലുവിളി. മൂന്ന് മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനം കൈവരിച്ച പരിശീലന സമയത്തേക്കാൾ വെല്ലുവിളിയായിരുന്നു ഇന്നലെ സംഭവിച്ചത്. വേലിയേറ്റം മൂലം അടിയൊഴുക്ക് കൂടി. നാല് മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തിന് അടുത്ത് എത്താൻ സാധിച്ചു എങ്കിലും പിന്നീടുള്ള നിമിഷങ്ങൾ അതിദുർഘടമായിരുന്നു.

ചുഴിയും വേലിയേറ്റവും വകവയ്ക്കാതെ കൈകാലുകൾ ബന്ധിതനായി രതീഷ് നീന്തി. ഇതേ ദൗത്യം സ്വപ്‌നമായി വിടപറഞ്ഞ ശ്യാം എസ് പ്രബോധിനിക്ക് നൽകിയ വാക്കുകൾ കൂടിയായിരിക്കണം. പ്രകൃതി പോലും പ്രതികൂലമായി നിന്നിട്ടും ലക്ഷ്യസ്ഥാനം രതീഷ് അനായാസേന നിന്തിക്കടന്നു. പത്ത് കിലോമീറ്റർ പരിധിയിലെ സാഹസിക നീന്തലിൽ ആയിരങ്ങളാണ് കായൽകരയിൽ ആർപ്പുവിളിയും ആരവങ്ങളോടും കൂടി തടിച്ച് കൂടിയത്. കോവിഡ് സാഹചര്യങ്ങൾ മറികടന്നും വീട്ടമ്മമാരരടക്കം ടി.എസ് കനാലിന്റെ കരയിലേക്ക് ഓടിയെത്തി.

പണിക്കർ കടവും, തുറയിൽ കടവും, വള്ളിക്കാവും പിന്നീട്ട് ടി.എസ് കനാലിനെ തോൽപിച്ചുള്ള സാഹസിക നീന്തൽ. ഭയം അലട്ടിയിരുന്നില്ലെന്നും ഇംഗ്ലീഷ് ചാനൽ നീന്തികടക്കുകയാണ് തന്റെ സ്വപ്‌നമെന്നും ഡോൾഫിൻ രതീഷ് മറുനാടനോട് പ്രതികരിക്കുന്നു.ഇരുപത് സെന്റിമീറ്റർ നീളമുള്ള വിലങ്ങിൽ കൈകളും 30 സെന്റിമീറ്റർ നീളമുള്ള വിലങ്ങിൽ കാലുകളും ബന്ധിച്ചാണ് നീന്തിയത്. നീന്തലിൽ കുഴഞ്ഞു പോയ സമയത്ത് സപ്പോർട്ടിന് ആളുകൾ ഉണ്ടെങ്കിൽ പോലും രതീഷ് പിന്മാറാതെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു.

ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ നാട്ടുകാർ രതീഷിന് തോളിലേറ്റിയാണ് സ്വീകരിച്ചത്. ഗിന്നസ് റെക്കോർഡ് നേടിയ ആദ്യ കരുനാഗപ്പള്ളിക്കാരൻ. നാട്ടുകാർക്ക് ഇതിൽ പരം അഭിമാനം മറ്റെന്താണ്. മൂന്ന് തവണ ലിംക ബുക്ക് ഒഫ് റെക്കാഡും ഒരു തവണ അറേബ്യൻ ബുക്ക് ഒഫ് റെക്കാഡും രതീഷ് സ്വന്തമാക്കി.

വർഷങ്ങളായി തുടരുന്ന നിതാന്തമായ പരിശ്രമങ്ങളും ഈ വിജയത്തിന് പിന്നിലുണ്ടെന്ന് രതീഷ് പറയുന്നു. കൊല്ലം ബിച്ചിലെ താത്കാലിക ലൈഫ് ഗാർഡായി സേവനം അനുഷ്ടിച്ച് വരികയാണ് രതീഷ്. സ്ഥിരപ്പെടുത്താനായി സർക്കാരിന് എല്ലാ പേപ്പറുകളും നിവേദനങ്ങളും അയച്ചിട്ടുമുണ്ട്. രാജേഷും രജീഷുമാണ് സഹോദരങ്ങൾ.സഹോദരൻ രജീഷ് പൊലീസ് ഉദ്യോഗസ്ഥനാണ്.