സംവരണമാവശ്യപ്പെട്ടുകൊണ്ട് പട്ടേൽമാർ നടത്തിയ സമരത്തിന്റെ ചൂടാറുംമുമ്പ് ഗുജറാത്ത് മറ്റൊരു സംഘര്ഷത്തിന്റെ വക്കിലാണ്. ദളിതുകളാണ് ഇക്കുറി സമരരംഗത്തുള്ളത്. കൂടുതൽ സ്ഥലങ്ങളിലേക്ക് സമരം വ്യാപിക്കുകയാണ്. രാജ്‌കോട്ട്, ധോറാജി, സൗരാഷ്ട്ര തുടങ്ങിയയിടങ്ങളിലൊക്കെ സമരക്കാർ വ്യാപകമായ അക്രമം നടത്തി. സംഘർഷത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും ചെയ്തു.

അഹമ്മദാബാദിലും മറ്റു പ്രദേശങ്ങളിലും സംഘർഷം ശക്തമാകുകയാണെന്നാണ് റിപ്പോർട്ട്. ബസ്സുകളും മറ്റു വാഹനങ്ങളും അഗ്നിക്കിരയാക്കിയ സമരക്കാർ റോഡുകൾ ഉപരോധിക്കുകയും ചെയ്തു. ഗിർസോമനാഥ് ജില്ലയിലെ ഉനയിൽ ഗോവധം നടത്തിയെന്നാരോപിച്ച് ദളിത് കുടുംബത്തെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ദളിതുകൾ തെരുവിലിറങ്ങിയത്. ബാലു സർവായിയും കുടുംബവുമാണ് ഗോ സംരക്ഷണ സംഘടനാ പ്രവർത്തകരുടെ മർദനത്തിന് ഇരയാക്കിയത്.

തിങ്കളാഴ്ച ഏഴുപേർ ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നാലെ ഇന്നലെ രണ്ടുപേർ കൂടി ആത്മഹത്യക്ക് ശ്രമിച്ചു. ജനങ്ങളോട് ശാന്തരായി ഇരിക്കാൻ മുഖ്യമന്ത്രി ആനന്ദി ബെൻ അഭ്യർത്ഥിച്ചു. ബാലുവിന്റെ കുടുംബത്തെ താൻ നേരിട്ട് സന്ദർശിക്കുമെന്നും അക്രമികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന സംഭവവവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദളിത് സംഘടനകൾ ബുധനാഴ്ച ഗുജറാത്ത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടുതൽ അക്രമങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് സർക്കാർ. വ്യാഴാഴ്ച ഉനയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ എത്തുന്നുണ്ട്.

വെള്ളിയാഴ്ച ആംആദ്മി നേതാവ് അരവിന്ദ് കെജരീവാളും ഉനയിലെത്തും. ഉന സംഭവത്തിൽ പ്രതിഷേധിച്ച് ഗുജറാത്തിൽ പ്രകടനങ്ങൾ നടത്തുമെന്ന് എഎപി പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടേൽമാരുടെ സമരത്തെ നയിച്ച ഹർദിക് പട്ടേലും ദളിത് സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. സമരത്തെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട് ഒമ്പത് മാസത്തോളം ജയിലിലായിരുന്ന ഹർദിക്, കോടതി ഉത്തരവിനെത്തുടർന്ന് ആറുമാസത്തോളമായി ഗുജറാത്തിന് പുറത്താണ് താമസം.

ദളിതുകൾക്കെതിരായ ആക്രമണത്തെ ആർഎസ്എസ്സും അപലപിച്ചു. ഹൈന്ദവ സമൂഹത്തിനെതിരായ ആക്രമണമാണ് ഇതെന്ന് ഗുജറാത്ത് പ്രാന്ത് സംഘചാലക് മുകേഷ് മാൽക്കൻ പറഞ്ഞു. ഗോസംരക്ഷണത്തിന്റെ പേരിൽ പട്ടികജാതി സഹോദരങ്ങൾക്കെതിരെ ഉണ്ടായ ആക്രമണം നിന്ദ്യവും നീചവുമാണെന്നെന്ന് മാൽക്കൻ പറഞ്ഞു. വിശ്വഹിന്ദു പരിഷത്തും അക്രമത്തെ അപലപിച്ചു. 

രാജ്‌കോട്ടിൽ ചൊവ്വാഴ്ച പൊലീസും സമരക്കാരുമായുള്ള ഏറ്റുമുട്ടലിലാണ് കോൺസ്റ്റബിൾ പങ്കജ് രമേഷ്ഭായി കൊല്ലപ്പെട്ടത്. കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ പങ്കജ് ആശുപത്രിയിലാണ് മരിച്ചത്. സുരേന്ദ്രനഗർ, അംറേലി, ജുനഗഢ്, അഹമ്മദാബാദ് എ്ന്നിവിടങ്ങളിലും വ്യാപക അക്രമങ്ങളുണ്ടായി.