അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ രാജിവച്ചു. നേരത്തെ ഫേസ്‌ബുക്കിൽ രാജിസന്നദ്ധത അറിയിച്ച ആനന്ദി ബെൻ പട്ടേലിന്റെ തീരുമാനം ബിജെപി അംഗീകരിക്കുകയായിരുന്നു.

ഗുജറാത്തിൽ ദളിത് പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കെയാണു മുഖ്യമന്ത്രിയുടെ രാജി. മുഖ്യമന്ത്രിയെ മാറ്റി മുഖം രക്ഷിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണു രാജിയെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പട്ടേൽ പ്രക്ഷോഭത്തിനു പിന്നാലെ ദളിത് പ്രക്ഷോഭവും ബിജെപിക്കു കനത്ത തിരിച്ചടിയായിരുന്നു. തുടർന്ന് വൻ വിമർശനങ്ങളാണു വിവിധ കോണിൽ നിന്നു മുഖ്യമന്ത്രിക്കെതിരെയും ബിജെപിക്കെതിരെയും ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ നേതൃമാറ്റം വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും ബിജെപിയെ നേതൃമാറ്റത്തിനു പ്രേരിപ്പിച്ചിരുന്നു.

പ്രായമേറിയതിനാൽ ഒഴിയുന്നുവെന്നാണ് ആനന്ദി ബെൻ പട്ടേൽ ഫേസ്‌ബുക്കിൽ കുറിച്ചത്. പ്രധാനമന്ത്രിപദമേറ്റെടുക്കാൻ നരേന്ദ്ര മോദി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് ആനന്ദിബെൻ പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായത്.

ഇപ്പോൾ 75 വയസ്സായി. പാർട്ടി പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചു. മുഖ്യമന്ത്രി പദവിയിൽ നിന്നു വിട്ടുനിൽക്കാൻ അനുവദിക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടു. 2017ൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിനായി സംസ്ഥാനത്തെ ഒരുക്കേണ്ടതിനു പുതിയ നേതൃത്വം വരേണ്ട സമയമായി.

കിട്ടിയ അവസരങ്ങൾ ഫലപ്രദമായി വിനിയോഗിച്ചു. നരേന്ദ്ര മോദിയുടെ കീഴിൽ പ്രവർത്തിക്കാനായതിൽ അഭിമാനിക്കുന്നു. 2014ൽ സംസ്ഥാനത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ചുമതലയേൽക്കാനായി. സ്ത്രീകളെ ഓർത്തു പ്രവർത്തിച്ചുവെന്നും ആനന്ദിബെൻ ഫേസ്‌ബുക്കിൽ കുറിച്ചു.