അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്കു കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് റാലിക്കിടെ വേദിയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിജയ് രൂപാണിക്ക് വൈറസ് ബാധയെന്ന് കണ്ടെത്തിയത്. അഹമ്മദാബാദിലെ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

വഡോദരയിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിക്കിടെയാണ് മുഖ്യമന്ത്രി വേദിയിൽ കുഴഞ്ഞു വീണത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ അസ്വാഭാവികത തോന്നിയ സുരക്ഷാഭടന്മാർ സമീപത്തെത്തിയപ്പോഴേക്കും വിജയ് രൂപാണി കുഴഞ്ഞു വീഴുകയായിരുന്നു. വേദിയിൽ വെച്ചു തന്നെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വഡോദരയിൽ നിന്നും ഹെലികോപ്റ്ററിൽ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 21 നാണ് വഡോദര അടക്കം ആറു മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.