- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി; അമുൽ ഡയറി ഡയറക്ടർ ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ 8 സീറ്റിലും കോൺഗ്രസ് പാനലിന് ജയം
ഗാന്ധിനഗർ: ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി. അമുൽ ഡയറി (കൈറ ഡിസ്ട്രിക്ട് കോ ഓപറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്) കോൺഗ്രസ് പിടിച്ചെടുത്തു. ഡയറക്ടർ ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ 8 സീറ്റിലും കോൺഗ്രസ് പാനലിലെ സ്ഥാനാർത്ഥികൾ വിജയിച്ചു. അഞ്ച് വർഷത്തിന് ശേഷം ശനിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
12 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇതിൽ ഒരു സീറ്റിൽ ബിജെപി നേതാവ് രാംസിങ് പാർമർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാംസിങ് പാർമർ കോൺഗ്രസ് എംഎൽഎ രാജേന്ദ്രസിങ് പാർമറുമായി ചേർന്നുണ്ടാക്കിയ പാനലാണ് വിജയിച്ചത്. അമുൽ ഡയറി സൊസൈറ്റി ഡിപ്പാർട്ട്മെന്റ് ക്യാമ്പസിൽ തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ നടന്നത്. ബിജെപി എംഎൽഎ കേസരിസിങ് സോളങ്കി കോൺഗ്രസ് നേതാവ് സഞ്ജയ് പട്ടേലിനോട് പരാജയപ്പെട്ടു. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സഞ്ജയ് പട്ടേൽ കേസരിസിങ് സോളങ്കിയോട് പരാജയപ്പെട്ടിരുന്നു.
ആനന്ദിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ കാന്തി സോധ പാർമർ 41 വോട്ടുകൾ നേടി വിജയിച്ചപ്പോൾ ബോർസാദിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ രാജേന്ദ്രസിങ് പാർമർ ബോർസാദിൽ വിജയിച്ചു. 93-ൽ 93 വോട്ടും നേടിയായിരുന്നു അദ്ദേഹത്തിന്റെ വിജയം. അമുൽ വൈസ് ചെയർമാനാണ് രാജേന്ദ്രസിങ് പാർമർ. കോൺഗ്രസിന്റെ ശക്തമായ അടിത്തറയാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ മനസ്സിലാവുന്നതെന്ന് കോൺഗ്രസ് നേതാവ് ബിമൽഷാ പറഞ്ഞു. ''കോൺഗ്രസിന്റെ സ്വീകാര്യതയും ശക്തമായ അടിത്തറയുമാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ വെളിവാകുന്നത്. ജനങ്ങൾക്കായി ഇനിയും ഞങ്ങൾ പ്രവർത്തനം തുടരും'' അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 99.71 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയിരുന്നു.
മറുനാടന് ഡെസ്ക്