- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡിൽ വിറങ്ങലിച്ച് ഗുജറാത്ത്; ശ്മശാനങ്ങളിൽ സംസ്കാരത്തിന് ഊഴം കാത്ത് ഒട്ടെറെ മൃതദേഹം; കർണാടകയിൽ പ്രതിദിന രോഗബാധിതർ പതിനായിരത്തിലേറെ; മധ്യപ്രദേശിലും വൈറസ് ബാധ രൂക്ഷം
സൂറത്ത്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ്, വഡോദര, രാജ്‌കോട്ട് നഗരങ്ങളിലെ ശ്മശാനങ്ങളിൽ മൃതദേഹം കുന്നൂകുടുന്നതായി റിപ്പോർട്ട്. കോവിഡിന്റെ രണ്ടാംതരംഗത്തിൽ 49 മരണങ്ങൾ മാത്രമാണ് സംഭവിച്ചതെന്ന് സർക്കാർ സ്ഥിരീകരിക്കുമ്പോഴാണ് ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്‌കാരത്തിനായി കുന്നുകൂടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.
രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെടും മുൻപ് സൂറത്തിലെ രാംനാഥ്‌ഘേല ശ്മശാനം, കുരുക്ഷേത്ര ശ്മശാനം, ഉംറ, ജഹാംഗീർപുര എന്നിവിടങ്ങളിൽ പ്രതിദിനം ശരാശരി 20 മൃതദേഹങ്ങളാണ് സംസ്‌കരിക്കാനായി എത്താറുണ്ടായിരുന്നത്.
എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകളായി ഇവിടെ എൺപതിനടുത്ത് മൃതദേഹങ്ങളാണ് സംസ്‌കരിക്കുന്നതെന്ന് ശ്മശാന അധികൃതർ പറയുന്നു. സൂറത്തിലെ ഏറ്റവും വലിയ ശ്മശാനമായ അശ്വിനികുമാർ ശ്മശാനത്തിൽ 30 മൃതദേഹങ്ങൾ സംസ്‌കരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 110 മൃതദേഹങ്ങളാണ് പ്രതിദിനം സംസ്‌കരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടുചെയ്തു.
യഥാർഥ കോവിഡ് ഡേറ്റ സർക്കാർ മറച്ചുപിടിക്കുന്നു എന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണത്തെ തള്ളി മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്തെത്തി. ഐസിഎംആർ നിഷ്‌കർഷിച്ച രീതിയിലാണ് സർക്കാർ കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അശ്വിനി കുമാർ ശ്മശാനത്തിൽ സംസ്‌കരിക്കുന്നതിനായി മൃതദേഹങ്ങൾ വരിവരിയായി കാത്തുകിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കി. ഇതേ തുടർന്ന് കാത്തുകിടക്കുന്നത് ഒഴിവാക്കാനായി അടിയന്തര നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കുകയും ചെയ്തിരുന്നു.
രാജ്‌കോട്ടിലും മരണങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്ന് ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ ആറിനും എട്ടിനും ഇടയിൽ 89 പേർ മരിച്ചു. എന്നൊൽ അതിൽ 14 പേർ മാത്രമാണ് കോവിഡ് ബാധിതരായി മരിച്ചതെന്നും മറ്റുള്ളവർ ഇതര രോഗങ്ങളുള്ളവരായിരുന്നുവെന്നും അധികൃതർ പറയുന്നു. 89 പേരേയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്‌കരിച്ചത്.
രാജ്‌കോട്ടിലെ ഏറ്റവും വലിയ ശ്മശാനമായ രാംനാഥ്പരയിൽ പ്രതിദിനം 20 മൃതദേഹങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മറവ് ചെയ്യുന്നുണ്ട്. അഹമ്മദാബാദിൽ വിവിധ ശ്മശാനങ്ങളിലായി രണ്ടുഡസണോളം മൃതദേഹങ്ങൾ ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംസ്‌കരിച്ചിരുന്നു.
അതേ സമയം ഗുജറാത്തിനും ഡൽഹിക്ക് പിന്നാലെ കർണാടകയിലും കോവിഡ് വ്യാപനം അതിരൂക്ഷമാണ്. 24 മണിക്കൂറിനിടെ കർണാടകയിലും പതിനായിരത്തിന് മുകളിലാണ് പുതിയ രോഗികൾ. ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ അയ്യായിരത്തിന് മുകളിലാണ് രോഗികൾ.
കർണാടകയിൽ 10,250 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,638 പേർക്കാണ് രോഗമുക്തി. 40 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 10,65,290 ആണ്. 9,83,157 പേർക്കാണ് രോഗമുക്തി. ആക്ടീവ് കേസുകൾ 69,225. ആകെ മരണം 12,889.
മധ്യപ്രദേശിൽ ഇന്ന് 5,939 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,306 പേർക്കാണ് രോഗമുക്തി. 24 പേരാണ് മരിച്ചത്. സംസ്ഥാനത്തെ ആകെ കേസുകൾ 3,38,145. രോഗ മുക്തി 2,98,645. ആകെ മരണം 4,184. ആക്ടീവ് കേസുകൾ 35,316.
ഗുജറാത്തിൽ 5,469 പേർക്കാണ് ഇന്ന് കോവിഡ് കണ്ടെത്തിയത്. 54 പേർ മരിച്ചു. ആകെ കേസുകൾ 3,47,495. നിലവിൽ 27,568 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെയായി 91,23,719 പേർക്ക് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തു.
ന്യൂസ് ഡെസ്ക്