ക്തികേന്ദ്രങ്ങളെന്ന് കരുതിയിരുന്ന സൗരാഷ്ട്രയിലും മെഹ്‌സാനയിലും തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേരിട്ട തിരിച്ചടി പാർട്ടിയെ ഇരുത്തിച്ചിന്തിപ്പിക്കുമെന്ന് തീർച്ച. രണ്ടുവർഷത്തിനപ്പുറം ഗുജറാത്ത് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ ക്ഷീണത്തെ എങ്ങനെ മറികടക്കുമെന്ന് ചിന്തിച്ച് തലപുകയക്കുകയാവും പ്രധാനമ്ന്ത്രി നരേന്ദ്ര മോദിയും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായും.

സൗരാഷ്ട്രയിലും മെഹ്‌സാനയിലും ഏറ്റവും നാണംകെട്ട തോൽവിയാണ് ബിജെപി നേരിട്ടത്. ഈ മേഖലയിൽ 11 ജില്ലാ പഞ്ചായത്തുകളിൽ പോർബന്തറൊഴികെയുള്ള പത്തിലും പാർട്ടി പരാജയപ്പെട്ടു. രാജ്‌കോട്ട് ജില്ലാ പഞ്ചായത്തിലെ 36 സീറ്റകളിൽ 35-ഉം ബിജെപിയെ കൈവിട്ടു. പട്ടേലന്മാരുടെ പിന്തുണയില്ലാതിരുന്നിട്ടുകൂടി ഇവിടങ്ങളിൽ കോൺഗ്രസ് നടത്തിയ തിരിച്ചുവരവ് ബിജെപിയുടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുതുടങ്ങിയെന്നതിന് തെളിവാണ്.

കാവി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ സൗരാഷ്ട്രയിൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് കരസ്ഥമാക്കിത്. ഗുജറാത്തിലാകെയുള്ള 31 ജില്ലാ പഞ്ചായത്തുകളിൽ 23-എണ്ണത്തിലും അധികാരം പിടിച്ചെടുത്ത കോൺഗ്രസ് 193 താലൂക്ക് പഞ്ചായത്തുകളിൽ 113 എണ്ണത്തിലും വിജയം കണ്ടു. എന്നാൽ, നഗരങ്ങൾ ബിജെപിയെ കൈവിട്ടില്ലന്ന ആശ്വാസം അവർക്കുണ്ട്. ആറ് നഗര സഭകളിലും ബിജെപി ഭരണം നിലനിർത്തി.

പട്ടേൽ വിഭാഗത്തിൽപ്പെട്ടവർ നടത്തിയ സംവരണ സമരവും അതേത്തുടർന്നുണ്ടായ അക്രമങ്ങളും ബിജെപിയുടെ ജനപിന്തുണ ഇല്ലാതാക്കിയെന്നാണ് സൂചന. ബിജെപിക്കെതിരെ സമരനേതാവ് ഹർദിക് പട്ടേൽ പ്രചാരണം നടത്തിയ സ്ഥലങ്ങളിലൊക്കെ പാർട്ടി പരാജയപ്പെടുകയും ചെയ്തു. സംവരണ സമരം സമൂഹത്തിന്റെ അടിത്തട്ടുവരെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നതിന്റെ തെളിവാണ് ഈ തിരിച്ചടി.