- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ട് ചെയ്തില്ലെങ്കിൽ കേസ്; സർക്കാർ അനുകൂല്യങ്ങളുടെ നിഷേധം; ഭരണഘടന നൽകുന്ന മൗലികാവകാശം നിഷേധിക്കുന്ന കരിനിയമം നടപ്പിലാക്കി ഗുജറാത്ത്; ഒക്ടോബറിലെ തെരഞ്ഞെടുപ്പിൽ ബാധകം
അഹമ്മദാബാദ്: ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവശകാശങ്ങൾ എന്താണെന്ന് വ്യക്തമല്ലാത്തവർ ഭരണത്തിൽ ഇരുന്നാൽ എതുതരം കരിനിയമങ്ങളും നടപ്പിലാക്കും എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ഗുജറാത്തിലെ നിർബന്ധിത വോട്ടിങ് നിയമം. ഈ വിവാദം സൃഷ്ടിച്ച നിയമം പാസാവുകയും ഗവർണ്ണർ ഒപ്പു വയ്ക്കുകയും ചെയ്തതിലൂടെ അടുത്ത ഒക്ടോബറിലെ പഞ്ചായത്ത് തെരഞ

അഹമ്മദാബാദ്: ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവശകാശങ്ങൾ എന്താണെന്ന് വ്യക്തമല്ലാത്തവർ ഭരണത്തിൽ ഇരുന്നാൽ എതുതരം കരിനിയമങ്ങളും നടപ്പിലാക്കും എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ഗുജറാത്തിലെ നിർബന്ധിത വോട്ടിങ് നിയമം. ഈ വിവാദം സൃഷ്ടിച്ച നിയമം പാസാവുകയും ഗവർണ്ണർ ഒപ്പു വയ്ക്കുകയും ചെയ്തതിലൂടെ അടുത്ത ഒക്ടോബറിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ ഗുജറാത്തിൽ വോട്ട് ചെയ്യാത്തവർക്ക് പിഴ ഈടാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധിതമാകും. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിൽ പെട്ടതാണ് വോട്ട് ചെയ്യാനുള്ള അവകാശം എന്ന വസ്തുത അറിയാത്തവരാണ് ഈ പരിഷ്‌കാരത്തിന് ചുക്കാൻ പിടിക്കുന്നത്.
യഹോവാ സാക്ഷികളായ വിദ്യാർത്ഥികളോട് ദേശീയ ഗാനം പാടാതിരിക്കാനുള്ള അനുമതി നൽകികൊണ്ട് സുപ്രീംകോടതി പറഞ്ഞ അഭിപ്രായ സ്വാതന്ത്ര്യം എന്നത് നിശബ്ദത പാലിക്കാനുള്ള അവകാശം കൂടിയാണ് എന്ന വിധി അറിഞ്ഞാൽ ഇത്തരം ഒരു നിബന്ധന നടപ്പിലാക്കില്ല എന്നതാണ് സത്യം. ബിജോ ഇമാനുവൽ കേസിൽ സുപ്രീം കോടതി തന്നെ യഹോവാ സാക്ഷികൾ എന്ന മതവിഭാഗത്തിലെ കുട്ടികൾ ദേശീയ ഗാനം ആലപിക്കാത്തത് തെറ്റല്ല, അത് അവരുടെ മതവിശ്വാസത്തിന്റെ ഭാഗമാണ് എന്നാണ് വ്യക്തമാക്കിയത്. ഒരാളുടെ മതവിശ്വാസത്തെ സംരക്ഷിക്കുക എന്നത് ഇന്ത്യൻ ഭരണഘടന തന്നെ നൽകുന്ന മൗലികാവകാശമാണ്. അങ്ങനെ പരമോന്നത കോടതി വിധിയുള്ള രാജ്യത്താണ് വോട്ട് ചെയ്യുകയെന്നത് നിയമത്തിലൂടെ നിർബന്ധമാക്കുന്നത്. ബിജോ ഇമാനുവൽ കേസിലെ വിധിയുടെ അടിസ്ഥാനത്തിൽ നടപ്പാക്കാൻ ഒരു സാധ്യതയുമില്ലാത്ത നിയമമാണ് ഗുജറാത്തിലേത്. കോടതികളിൽ ചോദ്യം ചെയ്താൽ നിയമം റദ്ദാക്കപ്പെടാനും സാധ്യതയുണ്ട്.
ഗുജറാത്ത് സർക്കാർ കഴിഞ്ഞവർഷം അംഗീകരിച്ച നിർബന്ധിതവോട്ടിങ് നിയമം വരുന്ന ഒക്ടോബറിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പു മുതൽ നടപ്പാക്കും. ഇതുസംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ഉടൻതന്നെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ വ്യക്തമാക്കി. വോട്ട് ചെയ്തില്ലെങ്കിൽ പൗരനെ ശിക്ഷിക്കാൻപോലും അധികാരംനൽകുന്നതാണ് നിയമം. ആറു കോർപ്പറേഷനുകളിലും 60 നഗരസഭകളിലും 200 താലൂക്ക് പഞ്ചായത്തുകളിലും 32 ജില്ലാ പഞ്ചായത്തുകളിലുമാണ് ഒക്ടോബറിൽ തെരഞ്ഞെടുപ്പു നടക്കുന്നത്. വോട്ടിങ് നിർബന്ധമാക്കിയാൽ കൂടുതൽ സൗകര്യങ്ങൾ വോട്ടിങ്ങിനേർപ്പെടുത്തേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. വോട്ടിങ് സമയം ഒരുമണിക്കൂർകൂടി വർധിപ്പിക്കണമെന്നാവശ്യമുണ്ട്.
നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉരുത്തിരിഞ്ഞ ആശയമാണിത്. 2009 ഡിസംബറിലാണ് ഗുജറാത്ത് ലോക്കൽ അതോറിറ്റീസ് ലോസ്(അമെന്മെന്റ് ആക്ട്) നിയമസഭ പാസാക്കുന്നത്. അന്നത്തെ ഗവർണർ കമലാ ബെനിവാൾ അത് തള്ളി. 2011 ഫെബ്രുവരിയിൽ നിയമസഭ വീണ്ടും അത് പാസാക്കി ഗവർണർക്കു നൽകി. 2014വരെ ഇതിന്മേൽ ഗവർണർ ഒരുതീരുമാനവുമെടുത്തില്ല. ബിജെപി. അനുകൂലിയായ ഗവർണർ ഒ.പി.കോഹ്ലിയാണ് പിന്നീട് 2014 നവംബറിൽ ഈ നിയമത്തിന് അംഗീകാരം നൽകിയത്. 50% സീറ്റുകൾ വനിതകൾക്കു നൽകുന്ന വ്യവസ്ഥയും ഈ ഭേദഗതികളിലുണ്ട്.
വോട്ട് ചെയ്തില്ലെങ്കിൽ ഇലക്ഷൻ കമ്മീഷൻ വോട്ടറിൽനിന്ന് വിശദീകരണം തേടും. അതു തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കും. പിഴയീടാക്കാം. തുടർച്ചയായി ഈ കുറ്റം ആവർത്തിച്ചാൽ വോട്ടർപട്ടികയിൽനിന്നു നീക്കൽ, സർക്കാർജോലികൾ നിഷേധിക്കൽ, സർക്കാറിന്റെ ക്ഷേമപദ്ധതികളിൽനിന്ന് ആനുകൂല്യം നിഷേധിക്കൽ തുടങ്ങിയ പലതരം ശിക്ഷകൾക്കു വിധേയരാകേണ്ടിവരും. വോട്ട് ചെയ്യുകയെന്നത് പൗരന്റെ കടമയാണെന്ന ബോധം ഉണർത്താനാണ് അതു നിർബന്ധമാക്കുന്നതെന്നാണ് വാദം. എന്നാൽ ഇതിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്ത് വന്നുകഴിഞ്ഞു.
ഇന്ത്യയിൽ ഈ നിയമം നടപ്പാക്കുന്ന ആദ്യസംസ്ഥാനമാണ് ഗുജറാത്ത്. കോൺഗ്രസ് ഈ നീക്കത്തെ എതിർത്തിട്ടുണ്ട്. വോട്ടിങ് ശതമാനം കൂടുന്നത് ബിജെപിക്ക് ഗുണമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നിയമനിർമ്മാണം. എന്നാൽ വോട്ട് ചെയ്യാൻ താൽപ്പര്യമില്ലാത്തവർ ബൂത്തിലെത്തുമ്പോൾ വോട്ട് മറുവിഭാഗത്തിന് കിട്ടാനാണ് സാധ്യത.

