ന്യൂഡൽഹി: ഗുജറാത്തിലെ വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി ഉയർന്നതോടെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസും ആംആദ്മിപാർട്ടിയും രംഗത്ത്. മദ്യത്തിന് നിരോധനം ഏർപ്പെടുത്തിയ ഗുജറാത്തിലുണ്ടായ വൻ വിഷമദ്യ ദുരന്തത്തിൽ 51 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. മദ്യമെന്ന് വിശ്വസിച്ച് മെഥനോൾ കഴിച്ചവരാണ് ദുരന്തത്തിൽ പെട്ടത്.

സംഭവത്തിൽ 14 പേർക്ക് എതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ മിക്കവരെയും അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഗുജറാത്ത് തീവ്രവാദി വിരുദ്ധ സ്‌ക്വാഡും അഹമ്മദാബാദ് ക്രൈം ബ്രാഞ്ചും ചേർന്നാണ് അന്വേഷണം നടത്തുന്നത്. ഗുജറാത്ത് പൊലീസ് 302-ാം വകുപ്പനുസിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ആശുപത്രിയിൽ കഴിയുന്ന പലരുടേയും സ്ഥിതി ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നുള്ളത് ആശങ്കയുണ്ടാക്കുന്നുണ്ട്. അഹമ്മദാബാദിലെ ഒരു ഫാക്ടറിയിൽ നിന്ന് ഗോഡൗൺ ചുമതലക്കാരനായ ജയേഷ് ഖെവാഡിയ എന്നയാളാണ് മെഥനോൾ വിതരണക്കാർക്ക് എത്തിച്ച് നൽകിയത്. 7000 രൂപ അതിന് പ്രതിഫലവും കൈപ്പറ്റി.

ഇത് മദ്യമെന്ന പേരിൽ പാവപ്പെട്ട തൊഴിലാളികൾക്ക് വൻ തുക വാങ്ങി വിതരണം ചെയ്യുകയായിരുന്നു. വീര്യം കുറച്ച് മുൻപും ഇതേസംഘം മെഥനോൾ മദ്യമെന്ന പേരിൽ വിറ്റിരുന്നെന്നാണ് ലഭിക്കുന്ന വിവരം. മദ്യ നിരോധനമുള്ള സംസ്ഥാനത്ത് ഇതൊരു അപ്രതീക്ഷിത സംഭവമെന്ന് വിശേഷിപ്പിക്കാനാവില്ല. ദുരന്തം നടന്ന ബൊട്ടാദ് ജില്ലയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റ്, നാല് മാസം മുൻപ് പൊലീസിന് നൽകിയ കത്തിൽ വ്യാജമദ്യം ഒഴുകുന്നുവെന്ന മുന്നറിയിപ്പ് പൊലീസ് അവഗണിച്ചു.

മദ്യമാഫിയയിൽ നിന്ന് പണം പിരിക്കാൻ സ്ഥലത്തെ ഒരു എഎസ്‌ഐ നടത്തുന്ന സംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെ പൊതുവേദിയിൽ മദ്യപിച്ചെത്തിയ ഛോട്ടാ ഉദേപൂർ ബിജെപി ജില്ലാ പ്രസിഡന്റിന്റെ വീഡിയോ വീണ്ടും സജീവമായിട്ടുണ്ട്. വിവാദമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് രാജി വയ്‌ക്കേണ്ടി വന്നിരുന്നു.

ലഹരി മാഫിയയും ബിജെപി നേതാക്കളും തമ്മിലുള്ള ബന്ധത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നതെന്ന് ആരോപിച്ച് കോൺഗ്രസും രംഗത്തെത്തി. മദ്യനിരോധനം പേപ്പറിൽ മാത്രമെന്ന് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളും വിമർശിച്ചു. ഡൽഹി എംഎൽഎ സൗരഭ് ഭരദ്വാജും ഗുജറാത്ത് സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്ത് മദ്യനിരോധനം നിലവിലുണ്ടെങ്കിലും കഴിഞ്ഞ 15 കൊല്ലത്തിനിടെ 845 ലേറെ പേർക്ക് വിഷമദ്യമുരന്തത്തിൽ ജീവഹാനിയുണ്ടായതായി സൗരഭ് ഭരദ്വാജ് പറഞ്ഞു.

'ഗുജറാത്ത് ഒരു ഡ്രൈ സ്റ്റേറ്റ് ആണ്. പക്ഷെ വിഷമദ്യം കഴിച്ച് 845 ലേറെ പേർ മരിച്ചു. ഏത് രാഷ്ട്രീയക്കാരുടെ കീഴിലാണ് വിശാലമായ മദ്യവിതരണശൃംഗല പ്രവർത്തിക്കുന്നത്? മദ്യനിരോധനം മൂലം 15,000 കോടി രൂപയാണ് സർക്കാരിന് നഷ്ടം, പക്ഷെ മദ്യവിൽപന പരസ്യമായി നടക്കുന്നു. ആരുടെ കീശയിലേക്കാണ് ഈ പണം പോകുന്നത്?', എംഎൽഎ പറഞ്ഞു.