അഹമ്മദാബാദ്: നോട്ടുനിരോധന വിവാദത്തിനും ഗുജറാത്തിൽ ബിജെപിയുടെ മുന്നേറ്റത്തിനു തടയിടാനായില്ല. മഹാരാഷ്ട്രയ്ക്കു പിന്നാലെ നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കു മുന്നേറ്റം.

16 ജില്ലകളിലെ 126 മുനിസിപ്പൽ-ജില്ലാ പഞ്ചായത്തു സീറ്റുകളിൽ ബിജെപി 109 എണ്ണത്തിൽ ജയിച്ചു. കോൺഗ്രസിൽ നിന്ന് 40 സീറ്റ് ബിജെപി പിടിച്ചെടുക്കുകയും ചെയ്തു. ആനന്ദിബെൻ പട്ടേൽ മുഖ്യമന്ത്രിയായിരുന്ന സമയത്തു കഴിഞ്ഞ തവണ നഷ്ടമായ പല സീറ്റുകളും ഇക്കുറി തെരഞ്ഞെടുപ്പിൽ ബിജെപി സ്വന്തമാക്കി.

കോൺഗ്രസിന് 17 സീറ്റിൽ മാത്രമാണു ജയിക്കാനായത്. നിയമസഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു കൊല്ലം മാത്രം ബാക്കിനിൽക്കെ നേടിയ ഈ ജയം ബിജെപിക്കു വലിയ ഊർജമാണു പകരുന്നത്.

വാപി മുനിസിപ്പാലിറ്റിയിലെ 44 സീറ്റുകളിൽ 41 എണ്ണമാണു ബിജെപി സ്വന്തമാക്കിയത്. കോൺഗ്രസ് മൂന്നിലൊതുങ്ങി. കനക്പൂർ- കൻസാദ് മുനിസിപ്പാലിറ്റിയിലെ 28 സീറ്റുകളിൽ 27 എണ്ണവും ബിജെപി നേടി. ഒരെണ്ണം കോൺഗ്രസിനാണ്.

ഗോണ്ടൽ താലൂക്ക് പഞ്ചായത്തിലെ 22 സീറ്റുകളിൽ 18 എണ്ണം ബിജെപി നേടി. തിരഞ്ഞെടുപ്പു നടന്ന ഏഴു ജില്ലാ പഞ്ചായത്തുകളിൽ അഞ്ചെണ്ണവും ബിജെപി സ്വന്തമാക്കി. ഉപതിരഞ്ഞെടുപ്പു നടന്ന 15 താലൂക്ക് പഞ്ചായത്തുകളിൽ ബിജെപി അഞ്ചും കോൺഗ്രസ് നാലും നേടി. ബാക്കിയുള്ളവയുെട ഫലം പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

ജനങ്ങൾ നോട്ടുനിരോധന നടപടിയെ അനുകൂലിച്ചു എന്നതിനു തെളിവാണ് രണ്ടു സംസ്ഥാനങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയമെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ജനങ്ങൾ ഞങ്ങൾക്കൊപ്പമാണെന്നു മനസിലാക്കുന്നുവെന്നും ജാവദേക്കർ പറഞ്ഞു.

മഹാരാഷ്ട്രയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. 147 മുനിസിപ്പാലിറ്റിയിലും 17 പഞ്ചായത്തിലുമായി തെരഞ്ഞെടുപ്പു നടന്ന 3705 സീറ്റിൽ 851 എണ്ണത്തിൽ ബിജെപി ജയിച്ചിരുന്നു. കൗൺസിൽ അധ്യക്ഷന്മാരെ ഇത്തവണ തെരഞ്ഞെടുത്തതു ജനങ്ങൾ നേരിട്ടായിരുന്നു. 52 കൗൺസിൽ അധ്യക്ഷന്മാരാണു ബിജെപി സ്ഥാനാർത്ഥികളായി വിജയിച്ചത്.