- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
4500 സ്‌ക്വയർ ഫീറ്റ് വീട്;നാല് എ.സി മുറികൾ;ഉല്ലാസത്തിന് മിനി തിയേറ്റർ;കുളിക്കാൻ പ്രത്യേക ഷവറുകൾ; സഹോദരിയുടെ ഓർമ്മക്കായി പൂച്ചകൾക്ക് 'ക്യാറ്റ് ഗാർഡൻ' ഒരുക്കി ഗുജറാത്ത് സ്വദേശി; ആഡംബര വീട്ടിലെ താമസക്കാർ 200ലധികം പൂച്ചകൾ
ഗാന്ധിധാം: പൂച്ചകൾക്കുവേണ്ടി കച്ച് സ്വദേശിയായ ഉപേന്ദ്ര ഗോസ്വാമി ഒരുക്കിയ വീട് കണ്ടാൽ ആരും ഒന്ന് വിസ്മയിച്ച് പോകും. 4500 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീട്ടിൽ നാല് എ.സി മുറികൾ, ഉല്ലാസത്തിന് മിനി തിയേറ്റർ, കുളിക്കാൻ പ്രത്യേക ഷവറുകൾ... ഗുജറാത്തിലെ ആഡംബര സൗകര്യങ്ങളുള്ള ഈ 'ക്യാറ്റ് ഗാർഡനി'ൽ സുഖവാസത്തിൽ കഴിയുന്നത് ഒന്നും രണ്ടും പൂച്ചകളൊന്നുമല്ല. അഭയം നൽകിയത് 200 ലേറെ പൂച്ചകൾക്കാണ്.
ഗാന്ധിധാമിലെ കസ്റ്റം ഹൗസ് എജന്റായ ഉപേന്ദ്ര ഗോസ്വാമി 2017ലാണ് പൂച്ചകൾക്കുവേണ്ടി ആഡംബര സൗകര്യങ്ങളുള്ള വീട് പണിയുന്നത്. കച്ച് സ്വദേശിയായ അദ്ദേഹം പൂച്ചകൾക്കായി 'ക്യാറ്റ് ഗാർഡൻ' ഒരുക്കിയതിന് പിന്നിൽ ഒരു അനുഭവമുണ്ട്.
1994ൽ ഉപേന്ദ്രയുടെ സഹോദരി മരിച്ചു. സഹോദരിയുടെ മരണ ശേഷവും മുമ്പ് ആഘോഷിച്ചിരുന്നത് പോലെതന്നെ സഹോദരിയുടെ ജന്മദിനം ഉപേന്ദ്രയും കുടുംബാംഗങ്ങളും വലിയ ആഘോഷമായി നടത്തിയിരുന്നു. അങ്ങിനെയൊരു പിറന്നാൾ ആഘോഷദിനത്തിൽ ഒരു പൂച്ച ഉപേന്ദ്രയുടെ വീട്ടിലെത്തുകയും ജന്മദിന കേക്ക് കഴിക്കുകയും ചെയ്തു.
തന്റെ മരിച്ചുപോയ സഹോദരി പൂച്ചയുടെ രൂപത്തിൽ പുനർജനിച്ചതാണെന്നായി ഉപേന്ദ്രയുടെ വിശ്വാസം. മറ്റ് കുടുംബാംഗങ്ങളും ഇതിനെ അനുകൂലിച്ചു. അതോടെ എവിടെ നിന്ന് പൂച്ചകൾ വന്നാലും അവർക്കെല്ലാം ഉപേന്ദ്രയും കുടുംബവും 'ക്യാറ്റ് ഗാർഡനി'ൽ അഭയം നൽകിത്തുടങ്ങി.
4500 ചതുരശ്രയടി വലിപ്പമുള്ള വീട്ടിൽ ഒട്ടനവധി സൗകര്യങ്ങളാണ് പൂച്ചകൾക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്. നാല് എ.സി മുറികളാണ് ഉള്ളത്. 16 കോട്ടേജുകളും 12 കിടക്കകളും ഒരുക്കിയിരിക്കുന്നു. ഒപ്പം പൂച്ചകൾക്ക് കുളിക്കാനായി പ്രത്യേക ഷവറുകളും സജ്ജമാക്കിയിരിക്കുന്നു. പൂച്ചകളുടെ ഉല്ലാസത്തിനായി ഒരു മിനി തിയേറ്ററും 'ക്യാറ്റ് ഗാർഡനി'ലുണ്ട്. എല്ലാ വൈകുന്നേരങ്ങളിലും മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ ഇവിടെ പൂച്ചകൾക്കായി പ്രദർശിപ്പിക്കും.
ദിവസവും മുന്നുനേരം ഇവർക്ക് ഭക്ഷണം നൽകുന്നുണ്ട്. ഏറ്റവും മികച്ച ബ്രാൻഡിന്റെ ക്യാറ്റ് ഫുഡ് ആണ് നൽകുന്നത്. കൃത്യമായ ഇടവേളകളിൽ മെഡിക്കൽ ചെക്കപ്പും നടത്തുന്നുണ്ട്. അഹമ്മദാബാദ് ജീവ്ദയ ചാരിറ്റബിൾ ട്രസ്റ്റ് പൂച്ചകളെ വളർത്തുന്നതിന് പിന്തുണയുമായി കൂടെയുണ്ട്. പ്രതിമാസം ഒന്നര ലക്ഷം രൂപയാണ് 'ക്യാറ്റ് ഗാർഡനി'ന്റെ നടത്തിപ്പിനായുള്ള ചെലവ് വരുന്നത്.
ഇതിൽ 90 ശതമാനവും ഉപേന്ദ്രയും കുടുംബവുമാണ് വഹിക്കുന്നത്. സ്‌കൂൾ പ്രിൻസിപ്പലായ ഭാര്യ ഇതിന് സർവ പിന്തുണയും നൽകുന്നു. ബാക്കി തുക പല മൃഗസ്നേഹി സംഘടനകളും സംഭാവനയായി നൽകാറുണ്ട്. എല്ലാ ഞായറാഴ്ചയും നാലുമണിക്കൂർ 'ക്യാറ്റ് ഗാർഡൻ' സന്ദർശകർക്കായി തുറന്നുകൊടുക്കും. ഇതിന് സന്ദർശകരിൽ നിന്ന് ചെറിയ പ്രവേശന ഫീസും ഈടാക്കാറുണ്ട്.
ന്യൂസ് ഡെസ്ക്