അഹമ്മദാബാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ഗുജറാത്തിന് മറ്റ് നഗരങ്ങളേക്കാൾ അൽപ്പം ആഢംബര ഭ്രമം കൂടുതലുണ്ട്. മറ്റ് ഇന്ത്യൻ നഗരങ്ങളേക്കാൾ ആസൂത്രിതമായാണ് അഹമ്മദാബാദും സമീപ ഗുജറാത്ത് നഗരങ്ങളുടെയും നിർമ്മിതി. വികസന കാര്യത്തിലും മുന്നിലാണ്. ഇങ്ങനെ നഗരങ്ങളെ മോടി പിടിപ്പിക്കുന്നതിൽ മോദി തന്നെ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു. ഇങ്ങനെ അഹമ്മദാബാദിനെ ഹൈടെക്കാക്കാൻ പ്രവർത്തിച്ച മോദിയുടെ പിൻഗാമികളും അദ്ദേഹത്തിന്റെ പാതയിൽ തന്നെയാണ്. ഗുജറാത്ത് പൊലീസിനായി ഗുജറാത്ത് സർ്ക്കാർ ലഭ്യമാക്കിയിരിക്കുന്നത് ചില്ലറക്കാരനെയല്ല. ലോകത്തെ സൂപ്പർബൈക്ക് നിർമ്മാതാക്കളായ ഹാർലി ഡേവിസൺറെ ബൈക്കുകളാണ് ഗാന്ധിനഗർ പൊലീസിന് ലഭ്യമായിരിക്കുന്നത്.

2015ൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിന് മുന്നോടിയായി ഗുജറാത്ത് പൊലീസ് നിരവധി വാഹനങ്ങൽ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതിനൊപ്പമാണ് ഹാർലി ഡേവിസണും സർക്കാർ വാങ്ങിയത്. 225 ബൊലേറോ വൈറ്റ് ജീപ്പുകളും 350 ബൈക്കുകളും ഗുജറാത്ത് സർക്കാർ വാങ്ങിയിട്ടുണ്ട്. ഈ ബൈക്കുകളുടെ കൂട്ടത്തിലാണ് ചില ഹാർലി ഡേവിസണാക്കിയത്. വിഐപികൾ വരുമ്പോൾ എസ്‌കോർട്ട് പോകാൻ മാത്രമേ ഈ ബൈക്കുകൾ ഉപയോഗിക്കാൻ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ സർക്കാറിന്റെ പാഴ്‌ച്ചെലവാണിതെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്.

ഹാർലിഡേവിസൺ സ്ട്രീറ്റ് 750 ബൈക്കുകളാണ് ഗാന്ധി നഗർ പൊലീസിൽ എത്തിയിട്ടുള്ളത്. 4.1 ലക്ഷം രൂപയാണ് സ്ട്രീറ്റിന്റെ വില. ബൈക്കിന്റെ മറ്റ് ആക്‌സസറിസ് എല്ലാ കൂടിയാകുമ്പോൾ വില ഏഴ് ലക്ഷം കവിയും. അതേസമയം ഗുജറാത്ത് പൊലീസിന് ലഭിച്ച സൂപ്പർ ബൈക്കിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മോദിയുടെ കമ്മ്യൂണിറ്റി പേജിൽ പോസ്റ്റ് ചെയ്ത് ചിത്രത്തിന് പതിനായിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്.

അതേസമയം സർക്കാർ പണം അനാവശ്യമായി ചെലവാക്കുകയാണെന്ന ആരോപണവും ചിലർ ഉന്നയിക്കുന്നു. എന്നാൽ ഹൈടെക്ക് ആകാനുള്ള ഗുജറാത്ത് പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമായി ഇതിനെ കാണുന്നവരും കുറവല്ല.