ഹൈദരാബാദ്: ഐപിഎല്ലിൽ അരങ്ങേറ്റ സീസണിലെ കിരീട നേട്ടം ആരാധകർക്ക് ഒപ്പം ആഘോഷിച്ച് ഗുജറാത്ത് ടൈറ്റൻസ് താരങ്ങൾ. അഹമ്മദാബാദ് നഗരത്തിൽ റോഡ് ഷോ നടത്തിയാണ് ടൈറ്റൻസ് ടീമിന്റെ ആഘോഷം കളറാക്കിയത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങൾ. ഐപിഎൽ ട്രോഫിയുമായ റോഡ് ഷോയിൽ താരങ്ങളെല്ലാം പങ്കെടുത്തു. താരങ്ങളെ അഭിനന്ദിക്കാൻ റോഡിന്റെ ഇരു വശവും നൂറുകണക്കിന് ആരാധകർ തടിച്ചുകൂടിയിരുന്നു.

അതേ സമയം കിരീട നേട്ടത്തിൽ പരിശീലകൻ ആശിഷ് നെഹ്‌റയോട് കടപ്പെട്ടിരിക്കുന്നുവെന്ന് ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യ പറഞ്ഞു. ഐപിഎൽ കിരീട നേട്ടത്തിനു ശേഷം ഐപിഎൽ ഔദ്യോഗിക വെബ്‌സൈറ്റിനായി ആശിഷ് നെഹ്‌റയെ അഭിമുഖം ചെയ്യുന്നതിനിടെയാണു ഹാർദികിന്റെ പ്രതികരണം. കിരീടം നേടിയതിൽ നിർണായകമായത് കോച്ച് ആശിഷ് നെഹ്‌റയുടെ 'കഠിനമായ' പരിശീലന മുറകളാണെന്ന് ഹാർദ്ദിക് പറയുന്നു.

'പരിശീലനത്തിന് ഏറ്റവും അധികം പ്രാധാന്യം നൽകുന്ന ആളാണു നെഹ്‌റ. സാധാരണഗതിയിൽ എല്ലാവരും ബാറ്റു ചെയ്തു കഴിഞ്ഞാൽപ്പിന്നെ പരിശീലനം അവസാനിപ്പിക്കുന്നതാണു മറ്റുള്ളവരുടെയൊക്കെ പ്രവണത. പക്ഷേ, നെഹ്‌റയുടെ കാര്യമെടുത്താൽ 20 മിനിറ്റ് അവശേഷിക്കുന്നുണ്ടെങ്കിൽ അദ്ദേഹം ടീമിലെ താരങ്ങളോടു വീണ്ടും ബാറ്റുചെയ്യാൻ പറയും.

ടൂർണമെന്റിലെ ഞങ്ങളുടെ പ്രകടനത്തിൽ നെഹ്‌റയ്ക്കു വളരെ വലിയ പങ്കുണ്ട്. കാരണം എല്ലാവരെയും കൂടുതൽ അഭിനിവേശത്തോടെ കഠിനാധ്വാനം ചെയ്യിക്കാൻ അദ്ദേഹത്തിനു സാധിച്ചു.

ഒന്നുകിൽ പന്തു നന്നായി മിഡിൽ ചെയ്യും അല്ലെങ്കിൽ മികച്ച ലൈനിലും ലെങ്തിലും പന്തെറിയും എന്നാണു ടീമിലെ എല്ലാ താരങ്ങളും പറയാറുള്ളത്' ഹാർദിക് പറഞ്ഞു നിർത്തി. എന്നാൽ ചെറിയൊരു ചിരിയോടെ, 'ഹാർദിക് പറയുന്നതെല്ലാം കള്ളമാണ്' എന്ന വാചകത്തോടെ നെഹ്‌റ സംഭാഷണം അവസാനിപ്പിക്കുന്നുമുണ്ട്.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഇന്നലെ നടന്ന കലാശപ്പോരിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവിൽ ഗുജറാത്ത് ടൈറ്റൻസ് കിരീടം സ്വന്തമാക്കുകയായിരുന്നു. ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തകർത്താണ് അരങ്ങേറ്റ സീസണിൽ തന്നെ ഗുജറാത്ത് കിരീടത്തിൽ മുത്തമിട്ടത്. 131 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

സ്‌കോർ രാജസ്ഥാൻ റോയൽസ്: 20 ഓവറിൽ 130-9, ഗുജറാത്ത് ടൈറ്റൻസ്: 18.1 ഓവറിൽ 133-3.43 പന്തിൽ 45 റൺസെടുത്ത് പുറത്താകാതെ നിന്ന ശുഭ്മാൻ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. സിക്‌സറിലൂടെയാണ് ഗിൽ ഗുജറാത്തിന്റെ വിജയറൺ നേടിയത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 30 പന്തിൽ 34 റൺസെടുത്ത് നിർണായക സംഭാവന നൽകി.

35 പന്തിൽ 39 റൺസെടുത്ത ബട്ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ സഞ്ജു സാംസൺ 11 പന്തിൽ 14 റൺസെടുത്ത് പുറത്തായി. ഗുജറാത്തിനായി ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോൾ സായ് കിഷോർ രണ്ടും റാഷിദ് ഖാൻ ഒരു വിക്കറ്റ് വീതം വീഴ്‌ത്തി.