മുംബൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്‌സിന് 144 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹാർദ്ദിക്കിനെയും സംഘത്തെയും പഞ്ചാബ് ബൗളർമാർ എറിഞ്ഞൊതുക്കുകയായിരുന്നു. ഗുജറാത്തിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 50 പന്തിൽ 64 റൺസെടുത്ത് പുറത്താകാതെ നിന്ന സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. നാല് വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് ഗുജറാത്തിനെ തകർത്തത്.

ടോസിലെ ഭാഗ്യം ബാറ്റിംഗിൽ ആവർത്തിക്കാൻ ഗുജറാത്തിനായില്ല. ശുഭ്മാൻ ഗില്ലും വൃദ്ധിമാൻ സാഹയും ചേർന്ന് 2.1 ഓവറിൽ 17 റൺസടിച്ച് തുടങ്ങിയെങ്കിലും ഗിൽ(9) റണ്ണൗട്ടായതോടെ ഗുജറാത്തിന്റെ തകർച്ചയും തുടങ്ങി. നാലാം ഓവറിൽ വൃദ്ധിമാൻ സാഹയും(17 പന്തിൽ 21) പവർ പ്ലേക്ക് തൊട്ടു പിന്നാലെ ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയും(1) മടങ്ങിയതോടെ 44-3ലേക്ക് ഗുജറാത്ത് കൂപ്പുകുത്തി.

ഡേവിഡ് മില്ലറും സായ് സുദർശനും ചേർന്ന് കൂട്ടുകെട്ടുണ്ടാക്കാൻ ശ്രമിച്ചെങ്കിലും മില്ലറെ(11) ലിവിങ്സ്റ്റൺ മടക്കി. കഴിഞ്ഞ മത്സരത്തിലെ ഹീറോ രാഹുൽ തെവാട്ടിയക്കും(11) റാഷിദ് ഖാനും(0)ക്രീസിൽ അധികം ആയുസുണ്ടായില്ല. ഇരുവരെയും വീഴ്‌ത്തി റബാഡ ഗുജറാത്തിന്റെ നടുവൊടിച്ചു. പ്രദീപ് സംഗ്വാനെ(2) അർഷദീപും ലോക്കി ഫെർഗൂസനെ(5) റബാഡയും വീഴ്‌ത്തിയതോടെ സായ് സുദർശനിൽ)50 പന്തിൽ 64*) മാത്രമായി ഗുജറാത്തിന്റെ പോരാട്ടം. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് സുദർശന്റെ ഇന്നിങ്‌സ്.

പഞ്ചാബിനായി റബാഡ നാലോവറിൽ 33 റൺസിന് നാലു വിക്കറ്റെടുത്തപ്പോൾ സന്ദീപ് ശർമ നാലോവറിൽ 17 റൺസ് മാത്രമെ വഴങ്ങിയുള്ളു. റിഷി ധവാൻ നാലോവറിൽ 26 റൺസിന് ഒരു വിക്കറ്റും ലിവിങ്സ്റ്റൺ 2.3 ഓവറിൽ 15 റൺസിന് ഒരു വിക്കറ്റുമെടുത്തു.

9 കളിയിൽ 16 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഇന്ന് ഇറങ്ങുന്നത്. 9 കളിയിൽ 8 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള പഞ്ചാബിന് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യമാണ്.