അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മത്സരിക്കുന്ന 923 സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലം പരിശോധിച്ചതിൽ 137 പേരും ക്രിമിനൽ കേസുള്ളവർ. ഇതിൽ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മാനഭംഗം തുടങ്ങിയ ഗുരുതര കുറ്റം ചെയ്ത 78 പേരുണ്ട്. ഗുജറാത്ത് നിയമസഭയിലേക്ക് മത്സരിക്കുന്ന ബിജെപി. സ്ഥാനാർത്ഥികളുടെ ശരാശരി സ്വത്ത് 10.7 കോടി രൂപ. കോൺഗ്രസുകാരുടേത് 8.46 കോടി രൂപ. പക്ഷേ, മത്സരിക്കുന്നവരിൽ 71 ശതമാനം പേരും സ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ളവരാണ്.

വരണാധികാരികൾക്ക് നൽകിയ സത്യവാങ്മൂലം വിശകലനം ചെയ്ത് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. ബിജെപിയുടെ 89 സ്ഥാനാർത്ഥികളിൽ 10, കോൺഗ്രസിന്റെ 20, ബിഎസ്‌പിയുടെ എട്ട്, എൻസിപിയുടെ മൂന്ന്, ആം ആദ്മി പാർട്ടിയുടെ ഒന്ന് പേർ ഗുരുതര കുറ്റം ചെയ്തവരാണ്. സന്നദ്ധസംഘടനകളായ അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ്, ഗുജറാത്ത് ഇലക്ഷൻ വാച്ച് എന്നിവയാണു സത്യവാങ്മൂലങ്ങൾ പരിശോധിച്ചത്.

സ്വതന്ത്രരടക്കം 923 സ്ഥാനാർത്ഥികളുടെ വിവരങ്ങളാണ് ക്രോഡീകരിച്ചത്. ഇതിൽ 673 പേർക്കും സ്‌കൂൾ വിദ്യാഭ്യാസം മാത്രമേയുള്ളൂ. 2012-ൽ 68 ശതമാനം സ്ഥാനാർത്ഥികളാണ് സ്‌കൂളിനപ്പുറം പോകാത്തവരായി ഉണ്ടായിരുന്നത്. ഇത്തവണ എണ്ണം കൂടി. ജാതി, മത പരിഗണനകളും വിജയസാധ്യതയും മാത്രം പരിഗണിക്കുന്നതിനാലാണ് വിദ്യാഭ്യാസം ഒരു മാനദണ്ഡമാകാത്തത് എന്ന് റിപ്പോർട്ട് തയ്യാറാക്കിയ ഐ.ഐ.എം. മുൻ പ്രൊഫസർ ജഗദീപ് ഛോക്കറിന്റെ നേതൃത്വത്തിലുള്ള സംഘം കരുതുന്നു.

രാജ്കോട്ട് വെസ്റ്റിൽ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് എതിരേ മത്സരിക്കുന്ന ഇന്ദ്രനീൽ രാജ്യഗുരുവാണ് ഏറ്റവും ധനികൻ-141 കോടി രൂപയാണ് ഈ കോൺഗ്രസുകാരന്റെ സ്വത്ത്. ശതകോടീശ്വരന്മാർ നാലു പേർ മത്സരിക്കാനുണ്ട്. സ്ത്രീകൾക്ക് സീറ്റുകൊടുക്കുന്ന കാര്യത്തിൽ എല്ലാവരും ദരിദ്രരാണ്. ആകെ 57 സ്ത്രീകൾ മത്സരിക്കുന്നു. കോൺഗ്രസിൽ അഞ്ച് ശതമാനവും ബിജെപി.യിൽ ഏഴ് ശതമാനവും മാത്രമാണ് വനിതകൾ.

സാക്ഷരതയുടെ കാര്യത്തിൽ 2011-ലെ സെൻസസ് പ്രകാരം ഗുജറാത്ത് രാജ്യത്ത് 18-ാം സ്ഥാനത്തുമാണ്-79.13 ശതമാനം. ഇതിനു പിന്നാലെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുടെ മോദിയോടുള്ള ചോദ്യവും ട്വിറ്ററിൽ വന്നു. എന്തുകൊണ്ടാണ് വിദ്യാഭ്യാസത്തിനുള്ള സർക്കാർ വിഹിതത്തിന്റെ കാര്യത്തിൽ ഗുജറാത്ത് 26-ാം സ്ഥാനത്തായത്. സ്ഥാനാർത്ഥികളിൽ 15 ശതമാനം ഏതെങ്കിലും ക്രിമിനൽ കേസിൽ പ്രതികളാണ്. ഇതിൽ 51 കോൺഗ്രസുകാരും 32 ബിജെപി.ക്കാരും ഉൾപ്പെടും.

നർമദയിലെ ദഡിയാപാദയിൽ മത്സരിക്കുന്ന ഭാരതീയ ട്രൈബൽ പാർട്ടി പ്രതിനിധി മഹേഷ് വസാവയ്ക്ക് കൊലക്കുറ്റമടക്കം 24 കേസുകളുണ്ട്. ഒരു കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിലും സ്റ്റേ ചെയ്തിരിക്കുന്നു. ശരദ് യാദവ്പക്ഷ ജെ.ഡി.യു.വിന്റെ ആക്ടിങ് പ്രസിഡന്റും ഝഗാഡിയയിലെ സ്ഥാനാർത്ഥിയുമായ ഛോട്ടു വസാവയുടെ മകനാണ് മഹേഷ്. കോൺഗ്രസുമായി സഖ്യമുള്ള ഇവർ ബി.ടി.പി.യുടെ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഇതേപാർട്ടിയുടെ സൂറത്തിലെ മാംഗ്രോൾ മണ്ഡലത്തിലെ സ്ഥാനാർത്ഥി ഉത്തം വസവ ജയിലിൽനിന്നാണ് മത്സരിക്കുന്നത്. ബിജെപി.ക്കാരെ ആക്രമിച്ചകേസിൽ പ്രതിയായ ഇദ്ദേഹത്തെ സാമൂഹികവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരണമാണ് അകത്തിട്ടിരിക്കുന്നത്.

കോൺഗ്രസിന്റെ ഗാന്ധിധാമിലെ സ്ഥാനാർത്ഥി കിഷോർ പിംഗോളിനെതിരേ പീഡനക്കേസാണുള്ളത്. രാജ്കോട്ടിലെ ഗോണ്ടാളിലെ ബിജെപി. സ്ഥാനാർത്ഥി ഗീതാബെന്നിനെതിരേ കേസില്ല. പക്ഷേ, ഭർത്താവും സിറ്റിങ് എംഎ‍ൽഎ.യുമായ ജയരാജ്സിങ് ജഡേജ ഒരാളെ വെടിവെച്ചു കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായി.