അഹമ്മദാബാദ്:ലൗ ജിഹാദ് തടയാനെന്ന പേരിൽ ഗുജറാത്തിൽ കൊണ്ടുവന്ന ഗുജറാത്ത് മതസ്വാതന്ത്ര്യ(ഭേദഗതി) നിയമത്തിലെ വ്യവസ്ഥകൾ ബലപ്രയോഗമോ വശീകരണമോ വഞ്ചനാപരമായ മാർഗങ്ങളോ ഇല്ലാതെ നടക്കുന്ന മിശ്ര വിവാഹങ്ങൾക്ക് ബാധകമാകില്ലെന്ന് ഹൈക്കോടതി.ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ് ജസ്റ്റിസ് ബിരേൺ വൈഷ്ണവ് എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവിറക്കിയത്. മിശ്ര വിവാഹം നടത്തുന്നവരെ അനാവശ്യമായി ഉപദ്രവിക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നതാണ് ഈ ഉത്തരവ്.

പ്രായപൂർത്തിയായവർക്കിടയിൽ സ്വതന്ത്രമായ സമ്മതത്തോടെയും വശീകരണമില്ലാതെയും വഞ്ചനപരമായിട്ടല്ലാതെയും രണ്ട് വിശ്വാസത്തിൽ ഉൾപ്പെട്ടവർ വിവാഹം കഴിക്കുന്നതിനെ നിയമവിരുദ്ധമായ മതപരിവർത്തന വിവാഹങ്ങൾ എന്ന് വിളിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.ബലപ്രയോഗമോ വഞ്ചനയോ വശീകരണമോ കണ്ടെത്താതെ ഈ നിയമത്തിലെ വകുപ്പുകൾ ചുമത്താനാവില്ലെന്നാണ് തങ്ങൾ ഉത്തരവിട്ടതെന്ന് കോടതി വ്യക്തമാക്കി.

വ്യക്തപരമായി മതവും ഇഷ്ടങ്ങളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യത്തെ ഹനിക്കുന്നതാണ് മതസ്വാതന്ത്ര്യ(ഭേദഗതി) നിയമമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്. മുഹമ്മദ് ഇസ എം ഹകീം ആണ് ഇത് സംബന്ധിച്ച റിട്ട് ഹർജി നൽകിയത്.

രണ്ട് മതസ്ഥർ തമ്മിലുള്ള വിവാഹം നിർബന്ധിത മതപരിവർത്തനത്തിന് കാരണമായാൽ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാകുമെന്ന് വ്യക്തമാക്കണമെന്ന് കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെ ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കമാൽ ത്രിവേദി ആവശ്യപ്പെട്ടു.