- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എറിഞ്ഞിട്ട് മുഹമ്മദ് ഷമി; ഹൂഡയും ബദോനിയും കരകയറ്റി; ലഖ്നൗവിനെതിരെ ഗുജറാത്തിന് 159 റൺസ് വിജയലക്ഷ്യം; ഗുജറാത്തിനും ആദ്യ വിക്കറ്റ് നഷ്ടം

മുംബൈ: ഐപിഎല്ലിൽ തുടക്കക്കാരുടെ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 159 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്‌സ് തുടക്കത്തിലെ തകർച്ചക്കുശേഷം ദീപക് ഹൂഡയുടെയും ആയുഷ് ബദോനിയുടെയും ബാറ്റിങ് മികവിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. 41 പന്തിൽ 55 റൺസെടുത്ത ഹൂഡയാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറർ. യുവതാരം ആയുഷ് ബദോനി 41 പന്തിൽ 54 റൺസെടുത്തു. പവർ പ്ലേയിൽ തന്നെ മൂന്ന് വിക്കറ്റുമായി ലഖ്നൗവിന്റെ മുൻനിര തകർത്ത മുഹമ്മദ് ഷമിയാണ് ഗുജറാത്തിനാിയ ബൗളിംഗിൽ തിളങ്ങിയത്.
മുഹമ്മദ് ഷമി എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ ലഖ്‌നൗവിന് നായകൻ കെ എൽ രാഹുലിനെ നഷ്ടമായി. മിഡിൽ സ്റ്റംപിൽ പിച്ച് ചെയ്ത് ഓഫ് സ്റ്റംപിലേക്ക് പോയ പന്തിൽ ബാറ്റുവെച്ച രാഹുലിനെ വിക്കറ്റിന് പിന്നിൽ മാത്യു വെയ്ഡ് കൈയിലൊതുക്കി. ഫീൽഡ് അമ്പയർ ഔട്ട് അനുവദിച്ചില്ലെങ്കിലും റിവ്യു എടുത്ത ഗുജറാത്ത് അനുകൂല തീരുമാനം നേടിയെടുത്തു. ആദ്യ പന്തിലെ പ്രഹരത്തിൽ പകച്ച ലഖ്നൗ നിലയുറപ്പിക്കാൻ സമയമെടുത്തു.
രണ്ടാം ഓവറിൽ വരുണ് ആരോണിനെതിരെ ബൗണ്ടറി നേടിയ എവിൻ ലൂയിസാണ് ലഖ്നൗവിന് പ്രതീക്ഷ നൽകിയത്. ഷമി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറിയടിച്ച് ഡി കോക്കും നല്ല തുടക്കമിട്ടു. എന്നാൽ അതേ ഓവറിലെ മൂന്നാം പന്തിൽ ഡി കോക്കിനെ ക്ലീൻ ബൗൾഡാക്കി ഷമി ഇരട്ടപ്രഹരമേൽപ്പിച്ചതോടെ ലഖ്നൗ പ്രതിരോധത്തിലായി. പ്രതീക്ഷ നൽകിയ എവിൻ ലൂയിസിനെ നാലാം ഓവറിൽ ഷോർട്ട് ബോളിൽ വീഴ്‌ത്തി വരുൺ ആരോൺ മൂന്നാം പ്രഹരമേൽപ്പിച്ചു. പവർ പ്ലേയിലെ തന്റെ മൂന്നാം ഓവറിൽ മനീഷ് പാണ്ഡെയയും(6) ക്ലീൻ ബൗൾഡാക്കി ഷമി ലഖ്നൗവിന്റെ തലയറുത്തു.
എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന ഹൂഡയും ബദോനിയും ചേർന്ന് ലഖ്നൗവിനെ പതുക്കെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റി. പവർ പ്ലേ പിന്നിടുമ്പോൾ 32-4 എന്ന സ്‌കോറിലായിരുന്ന ലഖ്നൗ പനിതൊന്നാം ഓവറിലാണ് 50 കടന്നത്. ഹാർദ്ദിക് പാണ്ഡ്യ എറിഞ്ഞ പതിനൊന്നാം ഓവറിൽ രണ്ട് ബൗണ്ടറിയടിച്ച് സ്‌കോറിങ് വേഗം കൂട്ടിയ ഹൂഡ വരുൺ ആരോൺ എറിഞ്ഞ പതിമൂന്നാം ഓവറിൽ 17ഉം റാഷിദ് ഖാൻ എറിഞ്ഞ പതിനാലാം ഓവറിൽ 10ഉം ഹാർദ്ദിക് പാണ്ഡ്യ എറിഞ്ഞ പതിനഞ്ചാം ഓവറിൽ 19ഉം റൺസടിച്ച് 100 പിന്നിട്ടു. 36 പന്തിൽ അർധസെഞ്ചുറി തികച്ച ഹൂഡയും ബദോനിയും ചേർന്ന് മൂന്നോവറിൽ 46 റൺസടിച്ച് ലഖ്നൗവിനെ മികച്ച സ്‌കോറിലേക്ക് നയിക്കുമെന്ന് കരുതിയപ്പോഴാണ് പതിനാറാം ഓവറിൽ ഹൂഡയെ(55) വിക്കറ്റിന് മുന്നിൽ കുടുക്കി റാഷിദ് ഖാൻ ലഖ്‌നൗവിനെ പിടിച്ചുകെട്ടിയത്.
ഹൂഡ പുറത്തായശേഷം ആക്രമണം ഏറ്റെടുത്ത ബദോനിയെ രണ്ട് തവണ ഗുജറാത്ത് കൈവിട്ടതിന് കനത്ത വില നൽകേണ്ടിവന്നു. മുഹമ്ദ് ഷമി എറിഞ്ഞ പതിനെട്ടാം ഓവറിൽ 15 റൺസടിച്ച ബദോനിയും ക്രുനാൽ പാണ്ഡ്യയും ലോക്കി ഫെർഗൂസന്റെ പത്തൊമ്പതാം ഓവറിൽ 10 റൺസടിച്ച് ലഖ്‌നൗവിനെ 150 കടത്തി. 38 പന്തിൽ അർധസെഞ്ചുറി തികച്ച ബദോനി അവസാന ഓവറിലെ നാലാം പന്തിൽ 54 റൺസുമായി മടങ്ങി. 13 പന്തിൽ 21 റൺസെടുത്ത ക്രുനാൽ പാണ്ഡ്യയും ചമീരയും പുറത്താകാതെ നിന്നു.
പവർ പ്ലേയിൽ മൂന്നോവറിൽ പത്ത് റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഷമി നാലോവറിൽ 25 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ വരുൺ ആരോൺ 45 റൺസിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി.. നേരത്തെ ടോസ് നേടിയ ഗുജറാത്ത് നായകൻ ഹാർദ്ദിക് പാണ്ഡ്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്ത് ടീമിൽ ഡേവിഡ് മില്ലർ, റാഷിദ് ഖാൻ, ലോക്കി ഫെർഗൂസൻ, മാത്യു വെയ്ഡ് എന്നിവരാണ് വിദേശതാരങ്ങളായി ഇടം പിടിച്ചത്. ലഖ്‌നൗ ടീമിലാകട്ടെ ഡികോക്ക്, എവിൻ ലൂയിസ്, ദുഷ്മന്ത് ചമീര എന്നിവരും ഇടം നേടി.


