- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുപത്തിയഞ്ച് കുടുംബങ്ങളിൽ നിന്ന് അഞ്ചായി കുറഞ്ഞെങ്കിലും ആഘോഷത്തിന് കുറവില്ല; ഗൃഹാതുര സ്മരണകളുമായി പൊലിമ ചോരാതെ ദീപാവലി ആഘോഷങ്ങളിൽ മുഴുകി മലപ്പുറത്തെ ഗുജറാത്തി കുടുംബങ്ങൾ
മലപ്പുറം: ജന്മനാടിന്റെ ഗൃഹാതുരത്വം നിറഞ്ഞ സ്മരണകളുമായി പൊന്നാനി തൃക്കാവിലെ ഗുജറാത്തി കുടുംബങ്ങളിൽ നിറപ്പൊലിമയുടെ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങളുടെ ആദ്യ ദിനമായ ചൊവ്വാഴ്ച ധൻ തേരസോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നത് പുണ്യമെന്ന് ഗുജറാത്തികൾ കരുതുന്ന ദിനമാണ് ധൻ തേരസ്.
കൂടാതെ രാത്രിയോടെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വീടുകൾക്ക് ചുറ്റും ദീപങ്ങൾ തെളിയിക്കുകയും ചെയ്തു. വീട്ടിലെ മുതിർന്നവരും, കുട്ടികളും ഒത്തുചേർന്നാണ് വീടുകൾ ദീപാലംകൃതമാക്കിയത്. കുടുംബങ്ങളിൽ മുതിർന്നവരും മറ്റും ഒത്തുചേരുകയും ആശീർവ്വാദം വാങ്ങുകയും ചെയ്യും.
ആട്ടവും പാട്ടും നൃത്തവുമായി ഇവർ ക്ഷേത്രദർശനം നടത്തും. ബുധനാഴ്ചയാണ് നരക ചതുർദശി. വ്യാഴാഴ്ച പുസ്തക പൂജ നടക്കും. തൃക്കാവിൽ ഗുജറാത്തി സമാജക്കാർക്ക് ഒരു പ്രത്യേക ക്ഷേത്രം തന്നെയുണ്ട്. ഗുജറാത്തി കുടുംബങ്ങൾക്ക് വെള്ളിയാഴ്ച പുതുവർഷാരംഭമാണ്. ഗോവർധന പൂജ അന്ന് നടക്കും. ബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള 'ഭായി ദൂജ്' ചടങ്ങ് നടക്കുക ശനിയാഴ്ചയാണ്.പൊന്നാനി തൃക്കാവിൽ ഗുജറാത്തി സമാജക്കാർക്ക് പ്രത്യേകം ക്ഷേത്രം തന്നെയുണ്ട്.
മറ്റന്നാൾ നൂതൻ (പുതിയ) വർഷം ആരംഭിക്കും. വർഷാരംഭം ആഘോഷപൂർവ്വം കൊണ്ടാടുകയെന്നതാണ് ഗുജറാത്തി കുടുംബങ്ങളുടെ പരമ്പരാഗ രീതി. മറ്റന്നാൾ ഗോവർധന പൂജ നടക്കും. പശുക്കിടാങ്ങളെ പൂജിക്കുകയും, ഇവയുടെ ക്ഷേമത്തിനായുള്ള പ്രത്യേക പ്രാർത്ഥനകളും നടക്കും. സഹോദരന്മാർ, സഹോദരിമാരുടെ വീടുകളിലെത്തി സന്തോഷം പങ്കിടുകയെന്നതാണ് ഭായ്ദുജ് ദിവസത്തിന്റെ പ്രത്യേകത. നൂറു വർഷം മുമ്പാണ് പൊന്നാനിയിൽ വ്യാപാര ആവശ്യാർത്ഥം ഗുജറാത്തിൽനിന്നും നിരവധി കുടുംബങ്ങൾ പൊന്നാനിയിലെത്തിയത്.
ഇരുപത്തിയഞ്ചിലധികം കുടുംബങ്ങളുണ്ടായിരുന്ന പൊന്നാനി തൃക്കാവിൽ ഇപ്പോൾ അഞ്ച് കുടുംബങ്ങൾ മാത്രമാണ് ഉള്ളത്.കുടുംബങ്ങളുടെ എണ്ണം കുറഞ്ഞാലും ആഘോഷപ്പൊലിമ ഒട്ടും ചോരാതെയാണ് ഗുജറാത്തി കുടുംബങ്ങളിൽ ഈ വർഷവും ദീപാവലി ആഘോഷിക്കുന്നത്.