അഹമ്മദാബാദ്: ഗുജറാത്തിലെ ദളിത് സമരത്തിന് ചൂടുപർന്ന് മതപരിവർത്തനവും. അംബേദ്കറുടെ പാത പിന്തുടർന്നു അനേകായിരം ദളിതർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.

ചത്ത പശുവിന്റെ തോല് നീക്കം ചെയ്തതിന് ഉനയിൽ ദളിതരെ മർദ്ദിച്ചതിനെതിരായ മഹാറാലിക്ക് പിന്നാലെയാണ് മതം മാറാനുള്ള നീക്കം. രാജ്യമെങ്ങും ദളിത് പ്രക്ഷോഭങ്ങൾ ചൂടു പിടിക്കുന്നു.

ഹിന്ദു മതത്തിലെ ജാതിവിവേചനത്തിൽ പ്രതിഷേധിച്ച്  ബുദ്ധമതം സ്വീകരിച്ച അംബേദ്കറുടെ പാത് പിന്തുർന്നാണ് മതം മാറാനുള്ള തീരുമാനം ദളിത് സംഘടനകൾ എടുത്തത്.

ഡിസംബറിന് മുമ്പ് ബുദ്ധമതം സ്വീകരിക്കാനാണ് ദളിതരുടെ തീരുമാനം. അതിന് മുന്നോടിയായി ഗുജറാത്തിൽ അഞ്ച് മഹാദളിത് റാലികൾ സംഘടിപ്പിക്കും. ഗുജറാത്ത് ദളിത് സങ്കതൻ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മതം മാറ്റം അടക്കമുള്ള പരിപാടികൾ ആസുത്രണം ചെയ്യുന്നത്.

രാജ്കോട്ട്, അഹമ്മദാബാദ്, വഡോദര, പലൻപൂർ എന്നിവടങ്ങളിലാകും മഹാദളിത് റാലികൾ നടക്കുക. അതിനിടെ ഗുജറാത്തിലെ അമ്റേലി ജില്ലയിൽ ദളിത് റൈറ്റ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 11,000 ദളിതരെ ബുദ്ധമതത്തിലേക്ക് സ്വീകരിക്കാൻ മറ്റൊരു ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.