അഹമ്മദാബാദ്: ഗുജറാത്തിൽ സംസ്ഥാന വ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി. അഹമ്മദാബാദിൽ മാത്രമാണ് വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ച രൂപാണി വ്യക്തമാക്കി. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ അഹമ്മദാബാദിൽ സമ്പൂർണ കർഫ്യൂ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.

നിലവിൽ ഗുജറാത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ല. അഹമ്മദാബാദിൽ മാത്രം ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു.കർഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ വെള്ളിയാഴ്ച അഹമ്മദാബാദ് നഗരത്തിലെ മാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ജനങ്ങളുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.

പാൽ, മരുന്ന് കടകൾ മാത്രമേ സമ്പൂർണ കർഫ്യൂ വേളയിൽ തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ളു. നിലവിൽ വെള്ളിയാഴ്ച മുതൽ അഹമ്മദാബാദിൽ രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ കർഫ്യൂവിന് ശേഷം തുടർദിവസങ്ങളിൽ രാത്രികാല കർഫ്യൂ തുടരുകയും ചെയ്യും.

കോവിഡ് കോസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതൽ തുറക്കേണ്ടെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.