സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച അഞ്ചു കഥാപാത്രങ്ങൾ എടുത്താൽ അതിൽ എന്തായാലും ഉണ്ടാകുന്ന ഒരു പേരാണ് ആനക്കാട്ടിൽ ചാക്കോച്ചി. ഈപ്പച്ചന്റെയും മകൻ ചാക്കോച്ചിയുടെയും കഥ പറഞ്ഞ ലേലം ഒരു ഗംഭീര ഹിറ്റായിരുന്നു. എം ജി സോമൻ അവതരിപ്പിച്ച ഈപ്പച്ചന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. വർഷങ്ങൾക്ക് ശേഷം ലേലത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്്. രഞ്ജി പണിക്കർ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പേര് ആനകാട്ടിൽ ചാക്കോച്ചി എന്നാണ്.

പുതിയ വിവരം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി ഗോകുൽ സുരേഷും എത്തുന്നു എന്നതാണ്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നിധിൻ രഞ്ജി പണിക്കരുമൊത്തുള്ള ചിത്രം ഗോകുൽ പോസ്റ്റ് ചെയ്തതോടെയാണ് ലേലം രണ്ടാം ഭാഗത്തിൽ അച്ഛനൊപ്പം മകനുമെത്തുന്നതിന്റെ സൂചനകൾ ലഭിച്ചത്. ആനക്കാട്ടിൽ ചാക്കോച്ചി എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗം ഒരുക്കുന്നത് രഞ്ജി പണിക്കരുടെ മകനായ നിധിൻ രഞ്ജി പണിക്കരാണ്. രഞ്ജി പണിക്കർ എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ രഞ്ജി പണിക്കരും ജോസ്മാൻ സൈമണും ബ്രിജേഷ് മുഹമ്മദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്

ആനക്കാട്ടിൽ ചാക്കോച്ചിയുടെ മകനായി തന്നെയാകും ഗോകുൽ എത്തുകയെന്നും സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്. ഏകലവ്യൻ, മാഫിയ, കമ്മിഷണർ, ലേലം, പത്രം, ഭരത്ചന്ദ്രൻ ഐ.പി.എസ് തുടങ്ങി സുരേഷ് ഗോപിയെന്ന നടനെ മുൻനിരയിലേക്ക് കൊണ്ടുവന്ന ചിത്രങ്ങളൊക്കെയും രഞ്ജി പണിക്കരുടെ തൂലികയിൽ പിറന്നവയാണ്.