- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുലാബ്' വൈകുന്നേരം കരതൊടും; ഒഡീഷയിൽ കനത്ത മഴ, ഉരുൾപൊട്ടൽ; കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഭുബനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം കരതൊടുമെന്ന് കാലാവസ്ഥ വകുപ്പ്. ആന്ധ്രയിലെ കലിംഗപട്ടണത്തിനും ഒഡീഷയിലെ ഗോപാൽപൂരിനും ഇടയിലാകും ചുഴലിക്കാറ്റ് കരതൊടുക. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈസ്റ്റേൺ നേവൽ കമാന്റിന്റെ നേതൃത്വത്തിൽ രക്ഷാദൗത്യത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. ചുഴലിക്കാറ്റിന്റെ ദിശ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് നേവി വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പഡ്നായിക് ഉന്നതതല യോഗം വിളിച്ചു.
ന്യൂനമർദത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ ഒഡീഷയിൽ കനത്ത നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗജപതിയിൽ ഉരുൾപൊട്ടലുണ്ടായി. മലയോരമേഖലയിൽ നിന്ന് 1600 പേരെ മാറ്റിപ്പാർപ്പിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് ഒഡീഷയിലെ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. ആന്ധ്ര, ഒഡീഷ തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാണ്.
ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും കേരളത്തിൽ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.
തിങ്കളാഴ്ച ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതാനിർദേശത്തിന്റെ ഭാഗമായി ഈ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ