- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടിയുടെ പരാജയത്തിനു കാരണം നേതാക്കളുടെ പഞ്ചനക്ഷത്ര സംസ്കാരം; നേതാക്കൾക്ക് താഴേത്തട്ടുമായുള്ള ബന്ധം നഷ്ടപ്പെട്ടു; കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ഗുലാം നബി ആസാദ്
ന്യൂഡൽഹി: സമീപകാല തിരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ പരാജയത്തിനു കാരണം നേതാക്കളുടെ പഞ്ചനക്ഷത്ര സംസ്കാരമാണെന്ന വിമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നേതാക്കൾക്ക് താഴേത്തട്ടുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും ആസാദ് പറഞ്ഞു.
പഞ്ചനക്ഷത്ര സംസ്കാരം കൊണ്ട് തിരഞ്ഞെടുപ്പുകൾ വിജയിക്കാനാകില്ല. പാർട്ടി ടിക്കറ്റ് കിട്ടിയാൽ ആദ്യം പഞ്ചനക്ഷത്ര ഹോട്ടൽ ബുക്ക് ചെയ്യും എന്നതാണ് ഇന്നത്തെ നേതാക്കളുടെ പ്രശ്നം. ഒരിടത്തേക്കുള്ള റോഡ് മോശമാണെങ്കിൽ അവർ അങ്ങോട്ട് പോകില്ല. പഞ്ചനക്ഷത്ര സംസ്കാരം ഉപേക്ഷിക്കാതെ ആർക്കും തിരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാജയത്തിൽ ഞങ്ങൾക്കെല്ലാം വിഷമമുണ്ട്. പ്രത്യേകിച്ച് ബിഹാർ തിരഞ്ഞെടുപ്പിലെയും ഉപതിരഞ്ഞെടുപ്പുകളിലെയും പരാജയങ്ങളിൽ. ഈ തോൽവികൾക്ക് ഞാൻ നേതൃത്വത്തെ കുറ്റപ്പെടുത്തില്ല. നമ്മുടെ ആളുകൾക്ക് താഴേത്തട്ടുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു. പാർട്ടിയോട് സ്നേഹം ഉള്ളവരായിരിക്കണം ഓരോരുത്തരുമെന്നും വാർത്ത ഏജൻസിയായ എ.എൻ.ഐയോടു പ്രതികരിക്കവേ ആസാദ് വ്യക്തമാക്കി.
ഭാരവാഹികൾ അവരുടെ ഉത്തരാവാദിത്തം മനസ്സിലാക്കിയേ മതിയാകൂ. പാർട്ടി ഭാരവാഹികളെ നാമനിർദ്ദേശം ചെയ്യുന്നിടത്തോളം കാലം അവർ പ്രവർത്തനത്തിന് ഇറങ്ങില്ല. എന്നാൽ എല്ലാ ഭാരവാഹികളെയും തിരഞ്ഞെടുക്കുകയാണെങ്കിൽ അപ്പോൾ അവർക്ക് ഉത്തരവാദിത്തത്തെ കുറിച്ച് ബോധ്യമുള്ളവരാകും. ഇപ്പോൾ ആർക്കും പാർട്ടിയിൽ എന്ത് സ്ഥാനവും കിട്ടുമെന്നും ആസാദ് ചൂണ്ടിക്കാണിച്ചു.
72 വർഷത്തിനിടയിലെ ഏറ്റവും മോശം നിലയിലാണ് കോൺഗ്രസ് ഇപ്പോഴുള്ളത്. കഴിഞ്ഞ രണ്ടു ടേമുകളിൽ കോൺഗ്രസിന് ലോക്സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിച്ചില്ല. എന്നാൽ അത്രയും ശുഭകരമായ ഒരു ഫലം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ലഡാക്ക് ഹിൽ കൗൺസിലിൽ കോൺഗ്രസ് ഒൻപതു സീറ്റുകൾ നേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവർത്തന ശൈലി മാറ്റാതെ കാര്യങ്ങളിൽ മാറ്റം വരില്ല. പ്രവർത്തകർക്ക് നേതൃത്വം നിർദേശങ്ങൾ നൽകണം. എല്ലാ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പുകൾ നടത്തണം. കോവിഡ് മഹാമാരി കാരണം അവർക്ക് വലുതായൊന്നും ഇപ്പോൾ ചെയ്യാൻ കഴിയാത്തതിനാൽ ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തുന്നില്ല. ഞങ്ങളുടെ ആവശ്യങ്ങളിൽ യാതൊരു മാറ്റവുമില്ല. ഞങ്ങളുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചിട്ടുണ്ട്. ദേശീയ ബദലാകാനും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ ഭാരവാഹികളെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആസാദ് ആവശ്യപ്പെട്ടു.
പാർട്ടിക്ക് തിരഞ്ഞെടുക്കപ്പെടുന്ന നേതൃത്വം ആവശ്യപ്പെടുന്ന നേതാക്കളിൽ പ്രമുഖനാണ് ഗുലാം നബി ആസാദ്.
മറുനാടന് ഡെസ്ക്