ന്യൂഡൽഹി: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കശ്മീരിൽ കറുത്ത മഞ്ഞ് വീഴുമ്പോൾ താൻ ബിജെപിയിൽ ചേരുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

90 മുതൽ നരേന്ദ്ര മോദിയുമായി ടെലിവിഷൻ സംവാദങ്ങളിൽ പങ്കാളിയായിട്ടുണ്ട്. അവിടെ മോദിയുമായി ഏറ്റുമുട്ടിയിട്ടുണ്ട്. പരസ്പരം ചായ കുടിച്ചിട്ടുണ്ട്. എന്നാൽ താൻ ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തെ കുറിച്ച് അറിയില്ലെന്നും ആസാദ് പറഞ്ഞു.

യാത്രയപ്പ് ചടങ്ങിൽ ബിജെപി നേതാക്കളുമായുള്ള ബന്ധത്തെ കുറിച്ച് ആസാദ് തുറന്നുപറഞ്ഞിരുന്നു. മുൻപ്രധാനമന്ത്രി വാജ്പേയിയും എൽകെ അദ്വാനിയുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ തന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒരു നീണ്ട കത്ത് എഴുതിയതായും ആസാദ് പറഞ്ഞു. അതിന് ശേഷം സോണിയയെ കണ്ടപ്പോൾ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് പാർട്ടിയെ തയ്യാറാക്കണമെന്ന് പറഞ്ഞതായും ആസാദ് പറഞ്ഞു.

രാജ്യസഭയിൽ ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ പ്രധാനമന്ത്രി വികാരാധീനനായിരുന്നു. 'സ്ഥാനങ്ങൾ വരും, ഉയർന്ന പദവികൾ വരും, അധികാരം കൈവരും... ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടു പഠിക്കണം. ഒരു യഥാർഥ സുഹൃത്തായാണ് ഞാൻ അദ്ദേഹത്തെ കണക്കാക്കുന്നത്.' എന്നായിരുന്നു മോദിയുടെ വാക്കുകൾ.